1
പ്രവാചകൻ (സ) എങ്ങനെയാണ് വിശ്വാസികളോട് അവരുടെ സ്വന്തം ദേഹങ്ങളെക്കാൾ അടുത്തവനാകുന്നത്?
ഇത് ഓരോ മുസ്ലിമിന്റെയും മനസ്സിൽ ഉണ്ടാകേണ്ട ഒരു ചോദ്യമാണ്. ഈ ചോദ്യം സ്വയം ചോദിച്ചിട്ടില്ലാത്ത ഒരു മുസ്ലിമിന് എങ്ങനെയാണ് മനസ്സമാധാനത്തോടെ ഉറങ്ങാനോ, ജീവിതം സാധാരണപോലെ മുന്നോട്ട് കൊണ്ടുപോകാനോ, ശ്വാസമെടുക്കാനോ കഴിയുക എന്ന് എനിക്കറിയില്ല.
കാരണം, ഒരാൾക്ക് അയാളുടെ സ്വന്തം ജീവനെക്കാൾ പ്രവാചകനെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ അയാൾ യഥാർത്ഥത്തിൽ സത്യവിശ്വാസിയല്ല. "നിങ്ങളുടെ മക്കളെക്കാളും പിതാവിനെക്കാളും സർവ ജനങ്ങളെക്കാളും ഞാൻ നിങ്ങൾക്ക് പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളിൽ ഒരാൾക്കും പൂർണ്ണ വിശ്വസിയാവാൻ കഴിയില്ല." ഹദീസിന്റെ തുടർച്ചയായി, അമീറുൽ മുഅമിനീൻ ഉമർ (റ) പറയുന്നു: "എൻ്റെ സ്വന്തം ജീവനൊഴികെ എല്ലാത്തിനേക്കാളും താങ്കളാണ് നബിയെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്." അപ്പോൾ പ്രവാചകൻ (സ) അദ്ദേഹത്തോട് പറഞ്ഞു: "അല്ല, നിങ്ങളെക്കാൾ ഞാൻ പ്രിയപ്പെട്ടവനാകണം"
ഇതിനർത്ഥം, പ്രവാചകൻ (സ) നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ജീവനെക്കാൾ പ്രിയപ്പെട്ടവനും നിങ്ങളുടെ ഏറ്റവും വലിയ സ്നേഹഭാജനവും ആകുന്നില്ലെങ്കിൽ, നിങ്ങളുടെ വിശ്വാസം അപൂർണ്ണമാണെന്നാണ്!
മുത്ത് നബി മുഹമ്മദ് (സ) യുടെ മഹത്തായ വ്യക്തിത്വത്തോടുള്ള അഗാധമായ സ്നേഹം, അവിടുത്തെ പൂർണമായി അടുത്തറിയാതെ അനുഭവിക്കാൻ സാധ്യമല്ല. നബിയുടെ ജീവചരിത്രം മനസ്സറിഞ്ഞ് വായിക്കണം. അവിടുത്തെ പെരുമാറ്റത്തിലും വാക്കിലും കണ്ണീരിലും നോട്ടത്തിലും നിറഞ്ഞുനിന്ന കാരുണ്യം കാണണം. മനുഷ്യരോടും കല്ലുകളോടും മരങ്ങളോടും അത് പോലെ വഴിയോരങ്ങളിലും ആരാധനയിലും ധ്യാനത്തിലും തുടങ്ങി മുഴുവൻ കാര്യങ്ങളിലും അവിടുത്തെ വിശുദ്ധ ജീവിതത്തിന്റെ സകല നിമിഷങ്ങളിലും ആ കാരുണ്യം നിറഞ്ഞിരുന്നു. അവിടുന്ന് ലോകർക്ക് മുഴുവൻ കാരുണ്യമായിരുന്നു, അതായത് ഈ ലോകത്തുള്ള എല്ലാത്തിനും, നമ്മൾ കാണുന്നതിനും കാണാത്തതിനും പോലും.
2
നബി സ്നേഹം നിങ്ങളെ പല കാര്യങ്ങളിലേക്കും നിങ്ങളെ നയിക്കും, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതാണ്. "അല്ലാഹുവിൻ്റെ ദൂതരേ, ഇന്ന വ്യക്തിയുടെ മകനായ ഇന്നയാൾ താങ്കൾക്ക് സലാം പറയുന്നു" എന്ന് ഒരു മലക്ക് വന്ന് അല്ലാഹുവിൻ്റെ ഹബീബിനോട് (സ) പറഞ്ഞുകൊണ്ടിരിക്കുന്നത് പോലെ നിങ്ങൾക്ക് അനുഭവപ്പെടണം, അപ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷത്തിൽ ആറാടുന്നത് കാണാനാകും, കാരണം നിങ്ങളുടെ പേര് സകലരുടെയും നേതാവായ മുത്ത് നബിയുടെ (സ) സന്നിധിയിൽ പറയപ്പെട്ടിരിക്കുന്നു.
പിന്നീട്, നബിയുടെ (സ) ജീവചരിത്രം നിങ്ങളുടെ ജീവിതത്തിലേക്ക് പതുക്കെ ഒഴുകിത്തുടങ്ങും.
അവിടുത്തെ സൗന്ദര്യം നിങ്ങളുടെ ഓരോ കോശത്തിലും അലിയാൻ ആരംഭിക്കും, നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയും. അവിടുത്തെ അനുഗ്രഹം നിങ്ങളോടൊപ്പം ഒഴുകുന്നത് നിങ്ങൾ അറിഞ്ഞ് തുടങ്ങും.
ജോലി തുടങ്ങുന്നതിന് മുമ്പ് നമ്മുടെ പൂർവ്വികർ ഉച്ചരിച്ചിരുന്ന മനോഹരമായ ഒരു വാചകം ഞാൻ ഒരിക്കൽ കേട്ടിരുന്നു. “നമ്മോടൊപ്പം എല്ലായിപ്പോഴും മുത്ത് നബിയുടെ കൈ (സഹായം) ഉണ്ടാകും” ഈ വാക്കുകൾ കേൾക്കുമ്പോൾ, അത്യധികമായ ആകാംക്ഷയാലും ആഴമേറിയ അനുഭൂതിയാലും എന്റെ ഹൃദയം കുളിർക്കുന്നു. ഭക്ഷണം ഉണ്ടാക്കുമ്പോഴോ കഴിക്കുമ്പോഴോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുമ്പോഴോ, നബി (സ) യുടെ അനുഗ്രഹം നമ്മോടൊപ്പം ഒഴുകുന്നതായി തോന്നുകയും, അവരുടെ പരിശുദ്ധമായ കൈ നമ്മുടെ കൈയോടൊപ്പം സഹായിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.
അതായത്, നിങ്ങൾ ഭക്ഷണം പാകം ചെയ്യുമ്പോഴോ, കഴിക്കുമ്പോഴോ, മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ, അവിടുത്തെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടെന്ന് നിങ്ങൾക്ക് അനുഭവപ്പെടും, അവിടുത്തെ മഹത്തായ കൈ നിങ്ങളുടെ കരങ്ങളെ സപ്പോർട്ട് ചെയ്യുന്നത് പോലെ.
3
ഈ അനുഭൂതിയുടെ, ആനന്ദത്തിന്റെ പ്രധാന ഉറവിടം ഓരോ നമസ്കാരത്തിലെയും അത്തഹിയ്യാത്തിലെ ദൈവിക കല്പനയാണെന്നതാണ് സത്യം, കാരണം നാം അല്ലാഹുവിൻ്റെ സന്നിധിയിൽ വെച്ച് നേരിട്ട് അവിടുത്തേക്ക് സലാം പറയുന്നു. പ്രവാചകൻ (സ) നിങ്ങളോടൊപ്പം ഇരിക്കുന്നത് പോലെ നിങ്ങൾക്ക് അനുഭവപ്പെടും; നിങ്ങൾ അവിടുത്തെ അഭിവാദ്യം ചെയ്യുമ്പോൾ, അവിടുന്ന് നിങ്ങളെ നോക്കി പുഞ്ചിരിക്കും, നിങ്ങൾക്ക് സലാം മടക്കും. ഈ നിമിഷം നിങ്ങൾക്കിടയിൽ ഒരു വലിയ ആത്മീയ പാലം പണിയുന്നു, നിങ്ങളുടെ ഹൃദയം ആ മുഹമ്മദിയ്യ പ്രകാശത്തെ സ്വീകരിക്കാൻ കഴിയുന്നത്ര മൃദുവും, സുതാര്യവുമാണെങ്കിൽ നിങ്ങളെത്ര ഭാഗ്യവാൻ.
പ്രവാചകന്റെ ഇഷ്ടങ്ങൾ വസ്ത്രങ്ങളുടെ നിറങ്ങൾ, ഇഷ്ടവിഭവങ്ങൾ, സംസാര ശൈലി, ഇരിപ്പ്, നടപ്പ്, പുഞ്ചിരി, ഇഷ്ടപ്പെട്ടതും അല്ലാത്തതുമായ ഗന്ധങ്ങൾ എന്നിവയുൾപ്പെടെ എല്ലാ കാര്യങ്ങളിലും പിന്തുടരുക. കൂടാതെ, ഓരോ പ്രതികരണത്തിനും മുമ്പ്, "ഈ പ്രതികരണം പ്രവാചകനെ (സ) സന്തോഷിപ്പിക്കുമോ?" എന്ന് ചിന്തിക്കുക.
പലപ്പോഴും, ഞാൻ വളരെ ദേഷ്യപ്പെടാറുണ്ട്, ചില ആളുകളോട് വളരെ കടുത്ത ഭാഷയിൽ മറുപടി പറയാൻ ആഗ്രഹിക്കാറുണ്ട്. പക്ഷേ ഒരു നിമിഷത്തിൽ ഈ ചോദ്യം മനസ്സിൽ വരുമ്പോൾ, "എൻ്റെ മറുപടി പ്രവാചകന് (സ) ഇഷ്ടപ്പെടുമോ?", അവിടുത്തെ അനിഷ്ടം എനിക്ക് അനുഭവപ്പെടുമ്പോൾ ഞാൻ പിന്തിരിയുകയും അവനെ അല്ലാഹുവിൽ ഏൽപ്പിക്കുകയും ചെയ്യുന്നു. "നിശ്ചയം, അല്ലാഹു സത്യവിശ്വാസികളെ പ്രതിരോധിക്കുന്നു" എന്ന ഉറപ്പ് എൻ്റെ ഹൃദയത്തിൽ സ്ഥിരപ്പെടുന്നു.
4
തിങ്കളാഴ്ചയും വ്യാഴാഴ്ചയും എൻ്റെ പ്രവൃത്തികൾ പ്രവാചകൻ്റെ അടുക്കൽ സമർപ്പിക്കപ്പെടുന്ന ദിവസങ്ങളാണ്. അവിടുത്തെ വിശുദ്ധ സന്നിധിയിലേക്ക് മലക്കുകൾ എൻ്റെ കർമ്മരേഖ സമർപ്പിക്കുന്നത് ഞാൻ സങ്കൽപ്പിക്കുന്നു, അവിടുന്ന് ഞാൻ ചെയ്ത കാര്യങ്ങൾ വായിക്കാൻ തുടങ്ങുന്നു. അവിടുത്തെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും അതിൽ കണ്ടെത്താൻ ഞാൻ പരിശ്രമിക്കണം എന്ന് ഞാൻ ചിന്തിക്കുന്നു: അവിടുത്തെക്കുറിച്ചുള്ള മദ്ഹ് പറച്ചിൽ, ദാനം ചെയ്യൽ, ദുരിതമകറ്റൽ, ഉപദ്രവത്തിന് നന്മകൊണ്ട് മറുപടി കൊടുക്കൽ, വഴിയിലെ തടസ്സങ്ങൾ നീക്കൽ, പ്രയാസമുള്ളവരെ സഹായിക്കൽ, അതുപോലെ അവിടത്തെ തിരു സുന്നത്ത് മുറുകെ പിടിക്കൽ തുടങ്ങി ഇനിയും അതികം കാര്യങ്ങൾ.
5
ഞാൻ എപ്പോഴും "ഞാൻ അങ്ങയെ സ്നേഹിക്കുന്നു നബിയെ" എന്ന് പറയാൻ ശ്രദ്ധിക്കാറുണ്ട്, കാരണം മലക്കുകൾ ഇത് രേഖപ്പെടുത്തുകയും നബി സവിധത്തിൽ വായിക്കുകയും ചെയ്യും. അത് കേട്ട് മുത്ത് നബി പുഞ്ചിരി തൂകുന്നത് ഞാൻ സങ്കൽപ്പിക്കുന്നു, അവിടുന്ന് എന്നോട് മറുപടി പറയുന്നു എന്നും എനിക്ക് ഉറപ്പിക്കാൻ കഴിയും: "(ഞാനും നിന്നെ സ്നേഹിക്കുന്നു)".
അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) യുടെ നിയോഗം അസാധാരണമാംവിധം സവിശേഷമാണ്. അവിടുത്തെ പരിശുദ്ധമായ ആത്മാവിൽ അല്ലാഹു സമസ്ത സൗന്ദര്യവും, ആത്മീയ പ്രകാശവും, ദിവ്യജ്ഞാനവും സമാഹരിച്ചിരിക്കുന്നു. മുൻകാല പ്രവാചകൻമാർ വഴി വന്ന സകല ദിവ്യസന്ദേശങ്ങളുടെയും പൂർണ്ണതയാണത്.
അവിടുത്തെ വിശുദ്ധ ആത്മാവ് മുൻ പ്രവാചകന്മാരുടെ പ്രകാശത്തിന്റെയും, ദിവ്യ സന്ദേശങ്ങളുടെയും, ദൈവീക മാർഗദർശനങ്ങളുടെയും, എല്ലാ ബാഹ്യവും ആന്തരികവുമായ അർത്ഥങ്ങളുടെയും, സർവ്വ കാരുണ്യത്തിന്റെയും സംഗമമാണ്. കാരുണ്യം, സൗന്ദര്യം, നന്മ, സ്നേഹം, ദയ എന്നിവയെല്ലാം അവിടുത്തെ വാക്കുകളിലൂടെയും, പെരുമാറ്റത്തിലൂടെയും, ഹൃദയത്തിലൂടെയും, കണ്ണുകളിലൂടെയും അല്ലാഹു വെളിപ്പെടുത്തിയ അന്തിമ ദൂതൻ തന്നെയാണ് അങ്ങ്.
6
പ്രവാചകൻ്റെ (സ) സ്നേഹം ഒരു ജീവിതരീതിയായി മാറുമ്പോൾ, ദുരിതങ്ങൾ കടുപ്പം കുറഞ്ഞതായി മാറുന്നു, അടഞ്ഞ വാതിലുകൾ കാരുണ്യത്തിനുള്ള തടസ്സങ്ങളായി തോന്നുന്നു. നിങ്ങൾ കടന്നുപോകുന്ന ഓരോ പരീക്ഷണത്തിലും പ്രവാചകൻ (സ) നിങ്ങളുടെ കൂടെയുണ്ട്, അവിടുന്ന് നിങ്ങൾക്ക് ആശ്വാസം നൽകുന്നു.
ഒരു മുസ്ലിമിൻ്റെ ജീവിതത്തിൽ മുത്ത് നബി (സ) കടന്നുപോകാത്ത ഒരു പരീക്ഷണം പോലും ഉണ്ടാകില്ല: അനാഥത്വം, പരിഹാസം, ഭ്രാന്തൻ എന്ന് വിളിക്കുക, ശാരീരികമായി ഉപദ്രവിക്കപ്പെടുക, കല്ലെറിയപ്പെടുക, പരിഹസിക്കപ്പെടുക, കള്ളവാർത്തയിൽ അവിടുത്തെ ഭാര്യയുടെ പരിശുദ്ധി ചോദ്യം ചെയ്യപ്പെടുക, ഭാര്യ ഖദീജയുടെ (റ) മരണം, ഫാത്തിമ ബീവി (റ) ഒഴികെയുള്ള എല്ലാ മക്കളും അവിടുത്തെ ജീവിതകാലത്ത് വഫാത്താകുക, അവിടുത്തെ വിശുദ്ധ കൈകളാൽ അവരെ അടക്കം ചെയ്യുക, മാരണം ചെയ്യപ്പെടുക, വധിക്കാൻ ശ്രമിക്കപ്പെടുക, ഏറ്റവും മോശം കവിതകളാൽ അധിക്ഷേപിക്കപ്പെടുക, ഉപരോധിക്കപ്പെടുക, പട്ടിണിക്കിടുക, ഹിജ്റക്ക് നിർബന്ധിതനാകുക, അവിടുത്തെ ഏറ്റവും ഇഷ്ടപ്പെട്ട നാടായ മക്ക ഉപേക്ഷിക്കുക - അങ്ങനെ വീടും, കുടുംബവും, സമ്പത്തും നഷ്ടപ്പെടുക. ഒടുവിൽ, എൻ്റെ പ്രിയപ്പെട്ടവന് (സ) ശക്തമായ പനി ബാധിച്ചു, അവിടുത്തെ വിശുദ്ധ ആത്മാവ് വേർപ്പെട്ട് അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് യാതയായി.
ഈ ലോകത്ത് നാം നേരിടുന്ന ഒരു പരീക്ഷണവും അല്ലാഹുവിൻ്റെ ദൂതൻ (സ) അനുഭവിക്കാത്തതല്ല. സത്യത്തിൽ, അവിടുത്തെ (സ) ജീവിതത്തിലെ പരീക്ഷണങ്ങൾ നമ്മുടേതിനേക്കാൾ എത്രയോ കഠിനമായിരുന്നു എന്ന് നമുക്ക് കാണാനാകും.
ഭൂമിയിൽ കാൽവെച്ച ഏറ്റവും കാരുണ്യമുള്ള മനുഷ്യനാണ് നമ്മുടെ നേതാവ് മുഹമ്മദ് (സ). അവിടുത്തേക്ക് മുൻപോ ശേഷമോ അവിടുത്തെപ്പോലെ ദയാലുവായി മറ്റാരുമുണ്ടായിട്ടില്ല. സ്നേഹവും വാത്സല്യവും ദയയും കൊണ്ട് നിറഞ്ഞ ഹൃദയമായിട്ടും അവിടുന്ന് കഠിനമായ അനുഭവങ്ങളിലൂടെ കടന്നുപോയി.
അല്ലാഹു അവിടുത്തേക്ക് ഒരു രാജാവായ പ്രവാചകനാകാനോ ഒരു അടിമയായ പ്രവാചകനാകാനോ അവസരം നൽകിയപ്പോൾ, അവിടുന്ന് ഒരു അടിമയാകാനാണ് തിരഞ്ഞെടുത്തത്. ഈ ലോകത്ത് ഒരു പ്രത്യേക പ്രാർത്ഥന നടത്താൻ അവസരം ലഭിച്ചപ്പോൾ, അവിടുന്ന് അത് തന്റെ സമുദായത്തിന് വേണ്ടി പരലോകത്തേക്ക് മാറ്റിവെക്കാൻ അല്ലാഹുവിനോട് അപേക്ഷിച്ചു. എനിക്കും നിങ്ങൾക്കും, അവിടുത്തെ സന്ദേശം പിന്തുടർന്ന ഓരോ മുസ്ലിമിനും വേണ്ടിയായിരുന്നു ആ തീരുമാനം. അങ്ങനെയുള്ള അവിടുത്തെ അറിഞ്ഞിട്ടും നിങ്ങളുടെ ഹൃദയം സ്നേഹവും ആഗ്രഹവും കൊണ്ട് നിറയാതിരിക്കുന്നത് എങ്ങനെയാണ്?
7
അവിടുത്തെ ജീവചരിത്രം വായിക്കുമ്പോൾ, അവിടുന്ന് മുആദ് ഇബ്നു ജബലിനോട് (റ) "ഓ മുആദ്, അല്ലാഹുവാണ് സത്യം, ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയുമ്പോൾ, നിങ്ങൾ വായന നിർത്തി, "ഞാനും അങ്ങയെ സ്നേഹിക്കുന്നു, അല്ലയോ അല്ലാഹുവിന്റെ തിരു ദൂതരേ, അങ്ങ് മുആദിനെ (റ) സ്നേഹിക്കുന്നതുപോലെ എന്നെയും സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" എന്ന് എങ്ങനെ പറയാതിരിക്കും? അല്ലെങ്കിൽ അവിടുന്ന് അമ്മാർ ഇബ്നു യാസിറിനോടുള്ള (റ) സ്നേഹം "അമ്മാർ എന്റെ കണ്ണിനും മൂക്കിനും ഇടയിലുള്ള ചർമ്മം പോലെയാണ്" എന്ന് വിശേഷിപ്പിക്കുമ്പോൾ, നിങ്ങൾ അസൂയപ്പെടുകയും മനസ്സിൽ ചോദിക്കുകയും ചെയ്യും: "ഞാനോ, അല്ലാഹുവിന്റെ ദൂതരേ?"
മുഹമ്മദ് നബി (സ) യോടുള്ള നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹം ഒരു ജീവിതരീതിയായി മാറുമ്പോൾ, അത് നിങ്ങളുടെ അഭയമായിത്തീരും. നിങ്ങൾ അല്ലാഹുവോട് പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ ഹൃദയം അല്ലാഹുവിന്റെ ദൂതൻ്റെ (സ) ഹൃദയത്തിനുള്ളിൽ മിടിക്കുന്നതുപോലെ നിങ്ങൾക്ക് അനുഭവപ്പെടും, പ്രവാചകൻ (സ) നിങ്ങളുടെ പ്രാർത്ഥനയിൽ പങ്കുചേരുന്നതുപോലെ, നിങ്ങളുടെ സ്നേഹത്തിൽ, നിങ്ങളുടെ സ്ഥിരതയിൽ, നിങ്ങളുടെ സ്വപ്നങ്ങളിലും പ്രതീക്ഷകളിലും പങ്കുചേരുന്നതുപോലെ. ഈ ലോകത്ത് നിങ്ങളുടെ താങ്ങും തണലും അവിടുന്ന് തന്നെയാണ്, അതുപോലെ വിധിദിനത്തിൽ അവിടുന്ന് നിങ്ങളുടെ ശുപാർശകനും കൂടിയാണ് - നിങ്ങളുടെ തുലാസിൽ തൂക്കം വർദ്ധിപ്പിക്കുകയും, നിങ്ങളുടെ പാപങ്ങൾ മായ്ക്കുകയും, സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്ന ശുപാർശ.
അതിനാൽ, എന്റെ ഹബീബി, എന്റെ ശുപാർശകനായ തങ്ങളെ, എനിക്ക് ഏറ്റം പ്രിയപ്പെട്ടവനായ നബിയെ, അല്ലാഹുവിന്റെ ദൂതരേ, അങ്ങയ്ക്കും, അനുചരൻമാർക്കും, അങ്ങയുടെ കുടുംബത്തിനും അല്ലാഹുവിന്റെ സമാധാനമുണ്ടാകട്ടെ.