Blog

All Blog Posts
Blog Post

ആൻമേരി ഷിമ്മലിൻ്റെ പ്രവാചക പ്രണയവും അതിരുകൾ ഭേദിക്കുന്ന മൗലിദാഘോഷങ്ങളും New

14 Aug 2026 8 min read 1,594 words Malayalam
Anas Ahsani Alangol
Written by Anas Ahsani Alangol

1922-ൽ ജർമ്മനിയിൽ ജനിച്ച ആനിമേരി ഷിമ്മൽ (Annemarie Schimmel) ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്നു. ഇസ്ലാമിക സംസ്കാരം, സൂഫിസം, പൗരസ്ത്യ സാഹിത്യം എന്നിവയുടെ ലോകത്തേക്ക് തന്റെ ജീവിതം ഉഴിഞ്ഞുവെച്ച അവർ, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിലെ ഒരു വലിയ പാലമായിരുന്നു. അമ്പതിലധികം ഗ്രന്ഥങ്ങളും എണ്ണമറ്റ ലേഖനങ്ങളും രചിച്ച പ്രതിഭാശാലിയായ പണ്ഡിത, ഇസ്ലാമിക ലോകത്തെയും സൂഫി വര്യന്മാരെയും അഗാധമായ സ്നേഹത്തോടെയും ആദരവോടെയും മനസ്സിലാക്കുകയും അടയാളപ്പെടുത്തുകയും ചെയ്തു. തൽഫലമായി, ലോകമെമ്പാടുമുള്ള പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരുടെയും സൂഫികളുടെയും വലിയ അംഗീകാരവും സ്നേഹവും നേടി എടുക്കാൻ അവർക്ക് സാധിച്ചു. ഭാഷകളുടെ അതിരുകൾ ഭേദിച്ചുള്ളതായിരുന്നു ഷിമ്മലിന്റെ പാണ്ഡിത്യം. ജർമ്മൻ, ടർക്കിഷ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അസാധാരണമായ പ്രാവീണ്യം പുലർത്തിയ അവർ, അറബി, ഉറുദു, പേർഷ്യൻ, പഞ്ചാബി തുടങ്ങിയ പൗരസ്ത്യ ഭാഷകളിലും അതീവ ജ്ഞാനം നേടിയിരുന്നു. ഈ ഭാഷാ നൈപുണ്യം കേവലം അക്കാദമികമായ അറിവുകളിൽ ഒതുങ്ങിനിന്നില്ല, മറിച്ച്, പൗരസ്ത്യ കവികളുടെ ഭാവനകളെയും കാവ്യസൗന്ദര്യത്തെയും തനിമ ചോരാതെ പടിഞ്ഞാറൻ ലോകത്തിന് പരിചയപ്പെടുത്താൻ ഭാഷാപ്രാവീണ്യം അവരെ ഒരുപോലെ സഹായിച്ചു. അവരുടെ കാവ്യ വിവർത്തനങ്ങളും പണ്ഡിത പ്രവർത്തനങ്ങളും ഇസ്ലാമിക മിസ്റ്റിസിസത്തിന്റെ ആത്മാവറിഞ്ഞുള്ള അപൂർവ്വ സ്രോതസ്സുകളായി ഇന്നും കണക്കാകാൻ കാരണമാവുന്നു.


1981-ൽ ജർമ്മൻ ഭാഷയിൽ പുറത്തിറങ്ങി ലോകശ്രദ്ധ നേടിയതാണ് "'ആൻഡ് മുഹമ്മദ് ഈസ് ഹിസ് മെസ്സഞ്ചർ' (And Muhammad Is His Messenger) എന്ന പുസ്തകം. മുഹമ്മദ് നബി തങ്ങളുടെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളായ തിരുപ്പിറവി, വിവാഹം, പ്രപഞ്ചത്തിന്റെ അതിരുകൾ ഭേദിച്ചുള്ള ഇസ്റാഅ്-മിഅ്‌റാജ് യാത്ര തുടങ്ങിയ ദിവ്യാനുഭവങ്ങളെ അതീവ ഗൗരവത്തോടും സൂക്ഷ്മതയോടും കൂടി ഗ്രന്ഥത്തിൽ ആനിമേരി ഷിമ്മൽ വിശകലനം ചെയ്യുന്നു. കേവലം ചരിത്രപരമായ വായനയ്ക്കപ്പുറം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ തങ്ങളുടെ ദൈനംദിന ജീവിതത്തിലും ആചാരങ്ങളിലും പ്രവാചകനോടുള്ള സ്നേഹം എങ്ങനെ പ്രകടമാക്കുന്നു എന്നതിന്റെ നേരടയാളമായിട്ടാണ് ഷിമ്മൽ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുന്നത്. ഇസ്ലാമിക മതസംസ്കാരത്തിന്റെയും ആത്മീയ പാരമ്പര്യങ്ങളുടെയും അന്തസ്സത്ത ചോരാതെ, അതിന്റെ യഥാർത്ഥ ആത്മാവറിഞ്ഞ് പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും എക്കാലത്തെയും ഏറ്റവും വിലമതിക്കാനാവാത്ത സ്രോതസ്സാണ് പ്രസ്തുത പുസ്തകമെന്നതിൽ സന്ദേഹമില്ല.


ഈ ഗ്രന്ഥത്തിലെ "പ്രവാചകന്റെ ജന്മദിനാഘോഷം" എന്ന എട്ടാം അധ്യായം, മുഹമ്മദ് നബി (സ) യുടെ തിരുപ്പിറവിയുമായി ബന്ധപ്പെട്ട അത്ഭുതകരമായ മുഹൂർത്തങ്ങളെ അതീവ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുന്നു. തുർക്കി, ഈജിപ്ത്, അറബ് ലോകം തുടങ്ങി ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ, വിശാലമായ ഇന്ത്യൻ ഉപഭൂഖണ്ഡം വരെയുള്ള വിവിധ ദേശങ്ങളിൽ പ്രവാചകന്റെ ജനനത്തെയും ജീവിതത്തെയും പ്രകീർത്തിച്ചുകൊണ്ട് രചിക്കപ്പെട്ട അനവധി മൗലൂദ് കാവ്യങ്ങളെയും സാഹിത്യ ശാഖകളെയും ഷിമ്മൽ സവിസ്തരം പ്രതിപാദിക്കുന്നു. തന്റെ വിവരണങ്ങൾക്ക് ചരിത്രപരമായ ആധികാരികതയും സാംസ്കാരിക തിളക്കവും പകരുന്നതിനായി, തുർക്കി, പഞ്ചാബി തുടങ്ങിയ പൗരസ്ത്യ ഭാഷകളിലെ അനർഘങ്ങളായ നിരവധി കാവ്യഗ്രന്ഥങ്ങളെയും അവർ ഇതിൽ ഒരേപോലെ കോർത്തിണക്കിയിരിക്കുന്നു.


ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ-അവ്വൽ പന്ത്രണ്ടിന് ലോകമെമ്പാടും അരങ്ങേറുന്ന പ്രവാചക ജന്മദിനാഘോഷങ്ങളുടെ സവിശേഷമായ ആചാരങ്ങളെയും തുർക്കി, ഈജിപ്ത്, ആഫ്രിക്ക, ഇറാഖ്, ബംഗ്ലാദേശ്, ഇന്ത്യൻ ഉപഭൂഖണ്ഡം തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ ഈ സുദിനം അതിവിപുലമായി കൊണ്ടാടപ്പെടുന്നു.

മൗലിദ് ആഘോഷങ്ങളുടെ പവിത്രമായ അന്തസ്സത്തയെ അപഗ്രഥിച്ചുകൊണ്ട്, 'മൗലിദ്', 'മിലാദ്' എന്നീ പദങ്ങളുടെ ഉത്ഭവത്തെയും ഭാഷാപരമായ അർത്ഥങ്ങളെയും ഷിമ്മൽ അതിസൂക്ഷ്മമായി പരിശോധിക്കുന്നു.


അനിതരസാധാരണമായ സാഹിത്യ പശ്ചാത്തലവും വാക്കുകളുടെ ലാളിത്യവും കൊണ്ട് ഹൃദയസ്പർശിയായ ശൈലിയാണ് ഷിമ്മലിന്റേത്. ലളിതമായ അനുഭവസാക്ഷ്യങ്ങളിലൂടെ അവർ തന്റെ ആശയങ്ങളെ വായനക്കാരിലേക്ക് ഫലപ്രദമായി സംവേദനം ചെയ്യുന്നു. ഈ വിവരണങ്ങളിലൂടെ, പ്രയോഗങ്ങളിലെ വൈവിധ്യങ്ങൾക്കപ്പുറം 'മൗലിദ്', 'മൗലൂദ്' എന്നിവയ്ക്കിടയിലുള്ള സൂക്ഷ്മമായ അർത്ഥവ്യത്യാസങ്ങളെയും പാരമ്പര്യങ്ങളെയും അതീവ മനോഹരമായി അവർ വേർതിരിച്ചു കാണിച്ചുതരുന്നു.


ചരിത്രകാരന്മാരുടെയും പ്രമുഖ പണ്ഡിതരുടെയും ആധികാരിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി, മൗലിദ് ആഘോഷങ്ങളുടെ വിസ്മയകരമായ ചരിത്രവഴികളെ ആൻമേരി ഷിമ്മൽ പുസ്തകത്തിൽ വ്യക്തതയോടെ അടയാളപ്പെടുത്തുന്നു. തിരുനബി ഏറെ ഇഷ്ടപ്പെട്ടിരുന്ന സൽക്കർമ്മങ്ങളായ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ കേൾക്കുക, മധുരപലഹാരങ്ങളും തേനും പരസ്പരം പങ്കുവെക്കൽ, സാധുക്കൾക്കും ദരിദ്രർക്കും വാരിവഴിഞ്ഞ് ദാനം ചെയ്യൽ എന്നിവയെല്ലാം ഉൾക്കൊണ്ടതായിരുന്നു മനോഹരമായ ആഘോഷങ്ങളെന്ന് ഷിമ്മൽ ഹൃദ്യമായി വിവരിക്കുന്നു. ഈജിപ്തിന്റെ അതിരുകൾ കടന്ന്, ചരിത്രകാരനായ ഇബ്നു ഖല്ലികന്റെ രചനകളിൽ പരാമർശിക്കപ്പെടുന്നതുപോലെ, 1207-ൽ വടക്കൻ ഇറാഖിലെ അർബെലയിൽ അരങ്ങേറിയ വിപുലമായ മൗലിദ് ഉത്സവത്തെക്കുറിച്ചും ഈ ഗ്രന്ഥം വെളിച്ചം വീശുന്നുണ്ട്. ഒപ്പം, തുർക്കി സംസ്കാരത്തിന്റെ മനോഹാരിത തുളുമ്പുന്ന "പ്രവാചകന്റെ ജന്മദിനത്തിനായുള്ള മെഴുകുതിരി വിരുന്ന്" എന്ന സവിശേഷമായ ആഘോഷത്തെക്കുറിച്ചും ഷിമ്മൽ വാചാലയാകുന്നു. സൂര്യാസ്തമയം വരെ നീളുന്ന വ്രതാനുഷ്ഠാനത്തോടും പ്രകാശത്തിന്റെ പ്രതീകമായ മെഴുകുതിരികളുടെ തിളക്കത്തോടും കൂടി തുർക്കി ജനത ഈ സുദിനത്തെ എത്രമാത്രം ഭക്തിസാന്ദ്രമായാണ് വരവേൽക്കുന്നതെന്ന് ഈ വരികൾ വായനക്കാരിലേക്ക് മനോഹരമായി സംവേദനം ചെയ്യുന്നു.


ലോകമെമ്പാടും അലയടിക്കുന്ന മൗലിദ് ആഘോഷങ്ങളുടെ വിസ്തൃതമായ ചക്രവാളങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ആൻമേരി ഷിമ്മൽ, വിശേഷിച്ചും വടക്കേ ആഫ്രിക്കയിലെ സാംസ്കാരിക മണ്ണിൽ അവയുടെ വ്യാപനത്തെയും സ്വാധീനത്തെയും അതീവ ഹൃദ്യമായി അടയാളപ്പെടുത്തുന്നു. ഈ യാത്രയിൽ മൊറോക്കോയുടെ മണ്ണിലെ ആഘോഷരീതികൾക്ക് അവർ പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. ഇറാഖ് പോലുള്ള ദേശങ്ങളിൽ പോലും മൊറോക്കൻ സൂഫികൾ ഈ പുണ്യദിനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതിനെക്കുറിച്ചും, ബലിപെരുന്നാളിന്റെയും ചെറിയ പെരുന്നാളിന്റെയും ആഘോഷ കൂട്ടായ്മകൾക്ക് തൊട്ടുപിന്നാലെ, ജനഹൃദയങ്ങളിൽ ഉത്സവങ്ങളുടെ ശ്രേണിയിൽ മൗലിദിന് ലഭിക്കുന്ന ഉന്നതമായ രണ്ടാം സ്ഥാനത്തെക്കുറിച്ചും അവർ സവിസ്തരം പരാമർശിക്കുന്നു. സാംസ്കാരിക പാരമ്പര്യങ്ങളുടെയും നാടൻ വഴക്കങ്ങളുടെയും മനോഹാരിത തേടുമ്പോൾ, ഈ ആഘോഷങ്ങൾ ജനജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് ചില മനോഹരമായ ഉദാഹരണങ്ങളിലൂടെ ഷിമ്മൽ വെളിപ്പെടുത്തുന്നു. റമദാൻ മാസത്തിൽ പിറക്കുന്ന ആൺകുട്ടികൾക്ക് തുർക്കിയിൽ സ്നേഹത്തോടെ റമദാൻ' 'റംസാൻ' എന്ന് പേരിടാറുള്ളതുപോലെ, വടക്കേ ആഫ്രിക്കയിലും മറ്റ് ദേശങ്ങളിലും മൗലിദ് തിരുനാളിന്റെ പുണ്യദിനത്തിൽ ജന്മമെടുക്കുന്ന കുരുന്നുകൾക്ക് 'മൗലിദ്' എന്നോ സ്ത്രീലിംഗ രൂപമായ 'മൗലൂദിയ്യ' എന്നോ പേരിടുന്ന മനോഹരമായ രീതി നിലവിലുണ്ട്. കൂടാതെ, കാലം മാറുന്നതിനനുസരിച്ച് മൗലിദ് ഗാനങ്ങൾ ആധുനിക ഓഡിയോ കാസറ്റുകളിലും റെക്കോർഡുകളിലും പതിപ്പിച്ച് കടകളിൽ വിൽക്കപ്പെടുന്ന കാഴ്ചയും, ഇസ്ലാമിക സംസ്കാരത്തിന്റെ സിരകളിലേക്ക് ഈ ആഘോഷങ്ങൾ എത്രമാത്രം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ സാക്ഷ്യമായി അവർ എടുത്തുകാണിക്കുന്നു.

മൗലിദ് ആഘോഷങ്ങളുടെ ചരിത്രപരമായ നാൾവഴികളിലൂടെയുള്ള സഞ്ചാരത്തിൽ, ഈജിപ്തിലെ ഫാത്തിമിദ് രാജവംശത്തിന്റെ സുവർണ്ണകാലത്ത് വേരുറപ്പിച്ച ആ ആചാരങ്ങൾ, തുടർന്ന് പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിലെ മംലൂക്ക് ഭരണാധികാരികളുടെ കാലഘട്ടത്തിലും എങ്ങനെ മാറ്റങ്ങളോടെ തുടർന്നുവെന്ന് ഷിമ്മൽ മനോഹരമായി വിവരിക്കുന്നു. അന്നത്തെ ഭരണാധികാരികൾ ഈ സുദിനത്തെ എത്രമാത്രം ആഡംബരത്തോടും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലുമാണ് വരവേറ്റിരുന്നതെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് ചരിത്രത്തിന്റെ ഒഴുക്ക് ദക്ഷിണേഷ്യയിലേക്ക്, വിശേഷിച്ചും ഇന്ത്യയുടെ മണ്ണിലേക്ക് തിരിയുന്നു. ഇസ്ലാമിക ചരിത്രത്തിലും സൂഫി പാരമ്പര്യങ്ങളിലുമുള്ള തന്റെ അഗാധമായ പാണ്ഡിത്യം പുറത്തെടുത്തുകൊണ്ട്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ആചാരങ്ങളുടെ വൈവിധ്യത്തെ ഷിമ്മൽ വായനക്കാർക്ക് മുന്നിൽ ദൃശ്യവൽക്കരിക്കുന്നു. ഉദാഹരണത്തിന്, തിരുനബിയുടെ പവിത്രമായ തിരുകേശം സൂക്ഷിക്കപ്പെട്ടിരിക്കുന്ന ശ്രീനഗറിലെ പ്രശസ്തമായ ഹസ്രത്ത്ബാൽ പള്ളിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ, റബീഉൽ-അവ്വലിലെ ആദ്യ പന്ത്രണ്ടു ദിവസങ്ങൾ എത്രമാത്രം

ആത്മീയമായ ചൈതന്യത്തോടെയാണ് കൊണ്ടാടപ്പെടുന്നതെന്ന് അവർ വിസ്മയത്തോടെ രേഖപ്പെടുത്തുന്നു. ഈ ചരിത്രയാത്ര പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലേക്ക് നീളുമ്പോൾ, ഹൈദരാബാദിലെ ഗോൾക്കൊണ്ട ഭരിച്ചിരുന്ന ഖുതുബ് ഷാഹി രാജാക്കന്മാരുടെ കൊട്ടാരക്കാഴ്ചകളിലേക്കാണ് ഷിമ്മൽ നമ്മെ നയിക്കുന്നത്. അബ്ദുല്ല ഖുതുബ് ഷാഹി രാജാവ് തന്റെ ഭരണകാലത്ത് ഈ തിരുനാളിനെ എത്രമാത്രം വിപുലമായാണ് ആഘോഷമാക്കിയതെന്ന് അവർ വ്യക്തമാക്കുന്നു: നാടൻ പ്രദർശനങ്ങൾ, സാംസ്കാരിക നൃത്തങ്ങൾ, നാഥ് കവിതകളുടെയും ദുരൂദ് വരികളുടെയും ആലാപനങ്ങൾ, മനോഹരമായ ഗസലുകൾ, പാവപ്പെട്ടവർക്കും വിശപ്പുള്ളവർക്കും വിഭവസമൃദ്ധമായ ഭക്ഷണം വാരിവഴിഞ്ഞ് വിതരണം ചെയ്യൽ എന്നിവയെല്ലാം കോർത്തിണക്കിയ ഒരു മഹാസംഗമമായിരുന്നു അന്നത്തെ ഗോൾക്കൊണ്ടയിലെ മൗലിദ് ആഘോഷങ്ങളെന്ന് ഈ ചരിത്രവിവരണങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.


ആനിമേരി ഷിമ്മലിന്റെ പാണ്ഡിത്യത്തെ മറ്റ് ഇസ്ലാമിക ഗവേഷകരിൽ നിന്ന് വേറിട്ടുനിർത്തുന്നത് അവരുടെ അപാരമായ ഗവേഷണ സൂക്ഷ്മതയും തെളിവുകൾ കണ്ടെടുക്കുന്നതിലെ അസാധാരണമായ കൃത്യതയുമാണ്. താൻ മുന്നോട്ടുവെക്കുന്ന ഓരോ ആശയത്തിനും ചരിത്രത്തിന്റെയും രേഖകളുടെയും നിഷേധിക്കാനാവാത്ത പിൻബലമുണ്ടെന്ന് അവർ എപ്പോഴും ഉറപ്പുവരുത്തുന്നു.

ഇതിനൊരു മികച്ച ഉദാഹരണമാണ്, 1982 ഡിസംബർ 29-ലെ ഒരു പാകിസ്ഥാനി ദിനപത്രത്തിൽ വന്ന വാർത്ത പോലും തന്റെ വാദങ്ങൾക്ക് തെളിവായി അവർ ഉദ്ധരിക്കുന്നത്. 1912-ൽ ഓട്ടോമൻ സാമ്രാജ്യത്തിൽ റബീഉൽ-അവ്വൽ പന്ത്രണ്ട് ഒരു ഔദ്യോഗിക പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു എന്ന അപൂർവ്വ ചരിത്ര വസ്തുതയെ അവർ വായനക്കാർക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തുന്നത് ഇത്തരം സൂക്ഷ്മ രേഖകളുടെ വെളിച്ചത്തിലാണ്. ചരിത്രത്തിന്റെ ഏടുകളിൽ നിന്ന് ഇത്രയും തനിമയാർന്ന വിവരങ്ങൾ പോലും ചോർന്നുപോകാതെ കണ്ടെത്തി ഉദ്ധരിക്കാനുള്ള അവരുടെ അസാധാരണ കഴിവ്, അവരുടെ രചനകളുടെ ആധികാരികതയെയും പാണ്ഡിത്യത്തിന്റെ ആഴത്തെയും മറ്റേതൊരു ഗവേഷണ കൃതിയേക്കാളും ഔന്നത്യത്തിലേക്ക് ഉയർത്തുന്നു.


ചരിത്രരേഖകൾക്കൊപ്പം തന്നെ പ്രമുഖരായ മഹാകവികളുടെയും പണ്ഡിതരുടെയും കാവ്യശകലങ്ങളും ഉദ്ധരണികളും കൊണ്ട് സമ്പന്നമാണ് ആനിമേരി ഷിമ്മലിന്റെ ഗ്രന്ഥം. പ്രവാചകന്റെ പ്രിയപ്പെട്ട കവിയായിരുന്ന ഹസ്സാൻ ഇബ്നു സാബിത് (റ), ഇബ്നു അൽ-ജൗസി, ആൻഡലൂഷ്യൻ പണ്ഡിതനായ ഖാദി ഇബ്നു അത്യയ്യ, പ്രശസ്തനായ ഖാദി ഇയാദ്, അബു നുഐമിന്റെ 'ദലാഈൽ അൽ-നുബുവ്വ' തുടങ്ങിയ പ്രമാണതുല്യമായ ഗ്രന്ഥങ്ങളിൽ നിന്നുള്ള വിലപ്പെട്ട പരാമർശങ്ങളും അവർ ഇതിൽ കോർത്തിണക്കുന്നുണ്ട്. "ഖൈറുൽ ബരിയ്യ" ,"സിറാജും മുനീർ" പോലുള്ള പവിത്രമായ അറബി പദപ്രയോഗങ്ങളെ അവയുടെ തനിമയാർന്ന ലിപ്യന്തരണങ്ങളോടെയും സവിശേഷമായ അർത്ഥ വ്യാപ്തിയോടെയും ഷിമ്മൽ വിശകലനം ചെയ്യുന്നത്, പ്രവാചക പ്രകീർത്തനങ്ങളിൽ ആ വാക്കുകൾ എങ്ങനെയെല്ലാം ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വായനക്കാർക്ക് ബോധ്യപ്പെടുത്തുന്നു. ചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്തമായി തികച്ചും അപൂർവ്വവും അതുല്യവുമായ ചില ചരിത്ര വിവരണങ്ങളെയും ഷിമ്മൽ ഈ അധ്യായത്തിൽ വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. തിരുനബിയുടെ പിതാവായ അബ്ദുള്ളയുമായി ബന്ധപ്പെട്ട അദ്ഭുതകരമായ കാര്യമാണ് ഇതിലൊന്ന്. തിരുനബിയുടെ പിറവിക്ക് മുമ്പ് അബ്ദുള്ളയുടെ നെറ്റിത്തടത്തിൽ അലൗകികമായ ഒരു ദിവ്യപ്രകാശം പ്രോജ്ജ്വലിച്ചിരുന്നുവെന്നും, ആ പ്രകാശത്തിന്റെ മനോഹാരിതയാൽ ആകൃഷ്ടരായി അദ്ദേഹത്തെ വിവാഹം കഴിക്കാൻ അന്നേ നിരവധി സ്ത്രീകൾ മുന്നോട്ടുവന്നിരുന്നുവെന്നും അവർ വിവരിക്കുന്നു. തുടർന്ന്, ആമിന ബീവിയുമായുള്ള വിവാഹവേളയിൽ ആ ദിവ്യപ്രകാശം അവരുടെ ഗർഭപാത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്ന വിശ്വവിഖുതമായ ആത്മീയ ചരിത്ര കഥയെ അതീവ ശ്രദ്ധയോടെയും ഭക്തിയോടെയുമാണ് ഷിമ്മൽ ഈ അധ്യായത്തിൽ അടയാളപ്പെടുത്തുന്നത്.


പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മനാ ഉള്ള പരിച്ഛേദനയുമായി ബന്ധപ്പെട്ട വിഷയത്തെ പറ്റിയും പരാമർശമുണ്ട്.

"അവിടുന്ന് മാതാവിന്റെ ഗർഭപാത്രത്തിൽ നിന്ന് ബാഹ്യലോകത്തേക്ക് പുറത്തുവന്നപ്പോൾത്തന്നെ പരിച്ഛേദനം ചെയ്യപ്പെട്ട നിലയിലായിരുന്നു" എന്ന് അവർ സമർത്ഥിക്കുന്നു. ലോകമെമ്പാടുമുള്ള വിവിധ മൗലിദ് ഗ്രന്ഥങ്ങളിൽ ആവർത്തിക്കപ്പെടുന്നു. നമ്മുടെ സ്വന്തം നാടായ കേരളത്തിൽ പരമ്പരാഗതമായി തലമുറകളിലൂടെ പാരായണം ചെയ്യപ്പെട്ടുപോരുന്ന പ്രശസ്തമായ 'മൻഖൂസ് മൗലിദ്' പോലുള്ള കൃതികളിലും തികഞ്ഞ ആധികാരികതയോടെ രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണെന്ന് ഷിമ്മൽ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

"ശ്രദ്ധേയമായത്" എന്ന വിശേഷണത്തിലൂടെ, ലോകപ്രശസ്തനായ ഇമാം അൽ-ബുസൈരിയുടെ ആത്മീയ കാവ്യമായ ഖസീദത്തുൽ ബുർദയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്ന ഷിമ്മൽ, പ്രവാചക പ്രകീർത്തനങ്ങളുടെ ഉന്നത മണ്ഡലങ്ങളെയാണ് ഇതിലൂടെ വരച്ചുകാട്ടുന്നത്. തുടർന്ന്, "ഒരാൾ മനസ്സിൽ സൂക്ഷിക്കണം" എന്ന ആമുഖത്തോടെ അഹ്മദ് അൽ-ദർദിറിന്റെ പ്രശസ്തമായ മൗലിദിന്റെ സവിശേഷതകളെ അവർ ഊന്നിപ്പറയുന്നു. ഈ ക്ലാസിക് കൃതികളെല്ലാം പിന്തടർന്നുകൊണ്ട്, തുർക്കി ജനതയുടെ സിരകളിൽ നൂറ്റാടുകളായി അലയടിക്കുന്ന സുലൈമാൻ സെലെബിയുടെ അനർഘമായ 'മെവ്‌ലിദ്-ഇ ഷെരിഫ്' എന്ന വിശ്വവിഖ്യാതമായ കാവ്യരൂപത്തെ ഷിമ്മൽ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. റബീഉൽ-അവ്വൽ പന്ത്രണ്ടിന്റെ തിരുനാൾ ദിനങ്ങളിലും, ഒരാൾ മരണപ്പെട്ട് നാൽപതാം ദിവസം പൂർത്തിയാകുമ്പോഴും തുർക്കിയിൽ ഈ കൃതി ഭക്തിപൂർവ്വം പാരായണം ചെയ്യപ്പെടുന്ന മനോഹരമായ ആചാരത്തെയും അവർ ഇതിൽ അടയാളപ്പെടുത്തുന്നുണ്ട്.


പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിലെ എണ്ണമറ്റ കാവ്യങ്ങളെയും മൗലിദ് ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരി പുസ്തകത്തിൽ കോർത്തിണക്കുന്നുണ്ട്: ജലാലുദ്ദീൻ റൂമിയുടെ ആത്മീയ ചൈതന്യം തുളുമ്പുന്ന 'മസ്നവി', ആഫ്രിക്കൻ രാജ്യങ്ങളിൽ സജീവമായി പ്രചാരത്തിലുള്ള അൽ-ബർസഞ്ചിയുടെ 'മൗലിദ്', വടക്കൻ നൈജീരിയയുടെ മണ്ണിൽ ഭക്തിയുടെ അലയൊലികൾ തീർക്കുന്ന 1400 വരികൾ നീളുന്ന വിസ്മയകരമായ ഒരു അക്രോസ്റ്റിക് ഖസീദ, ഈജിപ്ഷ്യൻ മണ്ണിൽ പാരായണം ചെയ്യപ്പെടുന്ന സൂഫി വര്യനായ അൽ-മുനാവിയുടെ മനോഹരമായ പനേജിറിക് എന്നിവയെല്ലാം ഷിമ്മൽ സവിസ്തരം പരാമർശിക്കുന്നു. അതോടൊപ്പം തന്നെ, ആധുനിക ഈജിപ്ഷ്യൻ എഴുത്തുകാരനായ അഹ്മദ് അൽ-ഷറബാസിയുടെ 'മൗലിദ് അൽ-ഹുദ' എന്ന രചനയും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും പാകിസ്ഥാനിലെയും ജനഹൃദയങ്ങളെ കീഴടക്കിയ ആത്മീയ സംഗീതരൂപമായ ഖവ്വാലിയുടെ മാസ്മരികതയും ഈ പുസ്തകത്തിൽ അവർ അർഹിക്കുന്ന പ്രാധാന്യത്തോടെ എടുത്തുകാണിക്കുന്നുണ്ട്.


ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൗലിദ് സാഹിത്യ പാരമ്പര്യത്തിലേക്ക് കടക്കുമ്പോൾ, പ്രധാനമായും പേർഷ്യൻ ഭാഷയിലാണ് അവ രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും, പ്രാദേശിക ഭാഷകളുടെ വൈവിധ്യവും അവയിൽ സമൃദ്ധമായി പ്രതിഫലിക്കുന്നുണ്ടെന്ന് ഷിമ്മൽ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, സിന്ധി ഭാഷയിൽ രചിക്കപ്പെട്ട മൗലിദുകൾ പ്രവാചകന്റെ ജീവിതത്തിലെ വിവിധ ഏടുകളെ സ്പർശിക്കുന്ന മനോഹരമായ ഗാനരചനാ രൂപങ്ങളായാണ് നിലകൊള്ളുന്നത്. അവിടത്തെ പ്രവാചക അത്ഭുതങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന 'മുനാഖിബ്' ശൈലിയും ഇതിൽ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അതുപോലെ, പഞ്ചാബി മൗലിദുകളിൽ 'സിഹ്‌റാഫി' അഥവാ "സുവർണ്ണ അക്ഷരമാല" എന്ന അപൂർവ്വ കാവ്യരൂപവും, "മനുഷ്യരാശിയിലെ ഏറ്റവും മികച്ചവന്റെ ജനനത്തെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ഓർമ്മ" പോലുള്ള ഹൃദ്യമായ തലക്കെട്ടുകളോടുകൂടിയ വിപുലമായ ഖസീദകളും ഉപയോഗിക്കപ്പെടുന്ന രീതിയെയും അവർ ഇതിൽ എടുത്തുപറയുന്നുണ്ട്.തുർക്കി ജനതയുടെ ആത്മീയ ഹൃദയസ്പന്ദനമായ സുലൈമാൻ സെലെബിയുടെ 'മെവ്‌ലിദ്-ഇ ഷെരിഫ്' എന്ന കൃതിയുടെ മാസ്മരികതയിലേക്ക് ഷിമ്മൽ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആ കൃതിയിലെ വരികളിൽ നിന്ന് പ്രധാന്യമുള്ള രണ്ട് പേജുകൾ തന്നെ ഉദ്ധരിക്കുന്നതിനായി അവർ നീക്കിവെച്ചിരിക്കുന്നുവെന്ന് മാത്രമല്ല, ആ കാവ്യ വരികൾ സാധാരണക്കാർക്ക് കൂടി എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന ലളിതമായ ഭാഷയിലേക്ക് അവർ വിവർത്തനം ചെയ്യുകയും ചെയ്യുന്നു. തിരുനബിയുടെ പിറവി വേളയിൽ മാതാവ് ആമിന ബീവി അനുഭവിച്ചറിഞ്ഞ ദിവ്യമായ അനുഭൂതികളെയും അത്ഭുത നിമിഷങ്ങളെയും ഈ കൃതിയിലൂടെ അവർ മനോഹരമായി വരച്ചുകാട്ടുന്നു.



തിരുപ്പിറവികൊണ്ട് ധന്യനായ നവജാത ശിശുവായ മുഹമ്മദ് നബി തങ്ങളെ പ്രപഞ്ചം മുഴുവൻ ഒരേ സ്വരത്തിൽ അഭിവാദ്യം ചെയ്യുന്ന പത്തു മുതൽ പതിനഞ്ച് വരെ വരികൾ നീളുന്ന "സ്വാഗതം" എന്ന് തുടങ്ങുന്ന മനോഹരമായ ഒരു കവിതയും ഗ്രന്ഥകാരി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുർക്കിയിലെ മൗലിദ് ആഘോഷ വേളകളിൽ ഭക്തിസാന്ദ്രമായി പാരായണം ചെയ്യപ്പെടുന്ന ഒന്നാണിത്. ആ പാരായണങ്ങൾക്കും സ്തുതിഗീതങ്ങൾക്കും ശേഷം, സർവ്വശക്തനായ ദൈവത്തിലേക്ക് കൈകൾ ഉയർത്തിയുള്ള പ്രത്യേകമായ ഒരു പ്രാർത്ഥനയോടെയാണ് മൗലിദ് ചടങ്ങുകൾ പൂർണ്ണാകുന്നത്. പ്രവാചകന്റെ തിരുക്കുടുംബാംഗങ്ങൾക്കും, ഇസ്ലാമിക ചരിത്രത്തിലെ മഹാനായ വിശുദ്ധന്മാർക്കും, പണ്ഡിതന്മാർക്കും, സമൂഹത്തിലെ മറ്റ് പ്രധാന വ്യക്തികൾക്കും വേണ്ടിയുള്ള പ്രാർത്ഥനകളുടെ ആഴവും, ആചാരങ്ങളുടെ സവിശേഷമായ വിശുദ്ധിയെയുമെല്ലാം ഷിമ്മൽ പുസ്‌തകത്തിൽ അതീവ മനോഹരമായി അടയാളപ്പെടുത്തുന്നു.


കാലഘട്ടത്തിന്റെ മാറ്റങ്ങളും ആധുനികവൽക്കരണത്തിന്റെ അലയൊലികളും ശക്തമായി നിലനിൽക്കുമ്പോഴും, നൂറ്റാണ്ടുകളായി കൈമാറിവന്ന മൗലിദ് സാഹിത്യ പാരമ്പര്യത്തിന്റെ പവിത്രതയും സമഗ്രതയും ഇന്നുവരെ ചോർന്നുപോകാതെ കാത്തുസൂക്ഷിച്ച ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹത്തോട് അതീവ നന്ദിയോടെയും ആദരവോടെയുമാണ് ഷിമ്മൽ ഈ അധ്യായത്തിന് വിരാമമിടുന്നത്. കുരുന്നുകളുടെയും കുട്ടികളുടെയുംളം ഹൃദയാന്തരങ്ങളിൽ പ്രവാചകനായ മുഹമ്മദ് നബി (സ) യോടുള്ള മായമില്ലാത്ത സ്നേഹവും ഭക്തിയും വേരോടിപ്പിക്കുന്നതിലും, ഈ ഉദാത്തമായ പാരമ്പര്യം ഇസ്ലാമിക പൈതൃകത്തിന്റെ എന്നും നെഞ്ചേറ്റുന്ന പ്രിയപ്പെട്ട ഒരു ഭാഗമായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും അവർ നടത്തിയ കാവലാളായ പരിശ്രമങ്ങളെ ഗ്രന്ഥകാരി ഹൃദയപൂർവ്വം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

ആനിമേരി ഷിമ്മലിന്റെ വിശ്വവിഖ്യാതമായ 'ആൻഡ് മുഹമ്മദ് ഈസ് ഹിസ് മെസ്സഞ്ചർ' (And Muhammad Is His Messenger) എന്ന കൃതി, പൗരസ്ത്യ-പാശ്ചാത്യ വിജ്ഞാന മണ്ഡലങ്ങളിലും ഇസ്ലാമിക പഠനശാഖകളിലും എക്കാലത്തെയും ഏറ്റവും നിർണ്ണായകവും വിലമതിക്കാനാവാത്തതുമായ ഒരു സംഭാവനയാണ്. ചരിത്രരേഖകളുടെ പെരുമഴയും, അനർഘമായ കാവ്യശകലങ്ങളും, പ്രമുഖരായ പണ്ഡിതരുടെയും സൂഫി വര്യരുടെയും ആധികാരിക രചനകളിൽ നിന്നുള്ള ഉദ്ധരണികളും കൊണ്ട് സമ്പന്നമായ ഈ ഗ്രന്ഥം, അതിവിപുലവും സൂക്ഷ്മവുമായ ഒരു ഗവേഷണ സമീപനത്തിലൂടെയാണ് വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രവാചകനായ മുഹമ്മദ് നബി (സ) യുടെ മംഗല്യ ജീവിതത്തിന്റെ സമഗ്രമായ ഒരു പര്യവേക്ഷണമാണ് ഈ കൃതി വാഗ്ദാനം ചെയ്യുന്നത്; തിരുനബിയുടെ പിറവിയും, ജീവിത വഴികളും, വിവാഹ വിശേഷങ്ങളും തുടങ്ങി അവിടുത്തെ ജീവിതത്തെ സ്പർശിക്കുന്ന സകല സുപ്രധാന ഏടുകളും ഇതിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു.

ഇസ്ലാമിക സംസ്കാരത്തിന്റെ അന്തസ്സത്തയും ആത്മീയതയുടെ ആഴങ്ങളും പ്രവാചകനായ മുഹമ്മദ് നബി (സ) യോടുള്ള അളവറ്റ ആരാധനയെ ചുറ്റിപ്പറ്റിയാണ് നിലകൊള്ളുന്നത് എന്ന യാഥാർത്ഥ്യമാണ് ഈ പുസ്തകത്തിന്റെ കേന്ദ്ര പ്രമേയം. പ്രത്യേകിച്ച്, "പ്രവാചകന്റെ ജന്മദിനാഘോഷം" അധ്യായത്തിലൂടെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ കവിതകളിലൂടെയും സവിശേഷമായ മതപരമായ ആചാരങ്ങളിലൂടെയും പ്രവാചകനോടുള്ള തങ്ങളുടെ അടങ്ങാത്ത സ്നേഹവും ഭക്തിയും എങ്ങനെ പ്രകടമാക്കുന്നുവെന്ന് ഷിമ്മൽ അതിസൂക്ഷ്മമായി പരിശോധിക്കുന്നു. തിരുനബിയുടെ തിരുപ്പിറവിയുമായി ബന്ധപ്പെട്ട അത്ഭുതകരമായ സംഭവങ്ങളെല്ലാം ആധികാരിക സ്രോതസ്സുകളുടെയും ചരിത്ര വിവരണങ്ങളുടെയും പിൻബലത്തോടെ അവർ ഇതിൽ അടയാളപ്പെടുത്തുന്നു. ഇസ്ലാമിക കലണ്ടറിലെ മൂന്നാമത്തെ ചാന്ദ്ര മാസമായ റബീഉൽ-അവ്വൽ പന്ത്രണ്ടിന് ഈ ലോകം മുഴുവൻ ഏറ്റെടുക്കുന്ന തിരുനാൾ ആഘോഷങ്ങളുടെയും സാംസ്കാരിക പാരമ്പര്യങ്ങളുടെയും നേർക്കാഴ്ചകളിലേക്ക് ഈ ഗ്രന്ഥം വായനക്കാരുടെ കണ്ണുതുറക്കുന്നു


മുസ്ലീം സമൂഹത്തിന്റെ ഹൃദയമിടിപ്പും അവരുടെ ആത്മീയ ജീവിതത്തിന്റെ ചൈതന്യവുമായ പ്രവാചകസ്‌നേഹത്തെയും, അവിടുത്തെയും അനുയായികളെയും തമ്മിലുള്ള ഊഷ്മളമായ വൈകാരിക ബന്ധത്തെയും ഷിമ്മൽ ഗ്രന്ഥത്തിലൂടെ അതിമനോഹരമായി വെളിച്ചത്തുകൊണ്ടുവരുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള സാംസ്കാരിക വൈവിധ്യങ്ങൾക്കിടയിലും, വിവിധ ചരിത്ര ഘട്ടങ്ങളിലൂടെ കടന്നുപോവുമ്പോഴും ഇസ്ലാമിക ഭക്തിയുടെയും മതജീവിതത്തിന്റെയും അടിത്തറയെ ഈ പ്രവാചകസ്‌നേഹം എങ്ങനെയാണ് രൂപപ്പെടുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്തതെന്ന് അവർ അർപ്പണബോധത്തോടെ എടുത്തുകാണിക്കുന്നു.

സമകാലിക ഇസ്ലാമിക ലോകത്തിന്റെ വിശാലമായ പശ്ചാത്തലത്തിൽ പ്രവാചകനെക്കുറിച്ചുള്ള ആധുനിക വീക്ഷണങ്ങളെയും ചിന്താധാരകളെയും കൂടി സമന്വയിപ്പിച്ചുകൊണ്ട്, വരുംതലമുറകളിലെ ഗവേഷകർക്കും പണ്ഡിതന്മാർക്കും പുതിയൊരു വഴികാട്ടിയാകാൻ ഈ കൃതിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ആത്മീയതയുടെ അനന്ത മാതൃകകളിൽ പ്രവാചകൻ മുഹമ്മദ് നബി (സ) ചെലുത്തുന്ന സമാനതകളില്ലാത്തതും എക്കാലവും നിലനിൽക്കുന്നതുമായ സ്വാധീനത്തെക്കുറിച്ചുള്ള വായനക്കാരുടെ ഗ്രാഹ്യത്തെയും ഉൾക്കാഴ്ചയെയും സർവ്വോപരി ഈ ഗ്രന്ഥം കൂടുതൽ ആഴമേറിയതാക്കി മാറ്റുമെന്ന് പ്രത്യാശിക്കാം

WhatsApp Donate