1857 ൽ മീററ്റിൽ ആരംഭിച്ച ഒന്നാം സ്വാതന്ത്ര്യസമരം ഉത്തരേന്ത്യയിൽ മാത്രം പരിമിതപ്പെട്ട ഒരു കലാപമായിരുന്നില്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട ഈ പ്രക്ഷോഭത്തിന്റെ പ്രതിധ്വനികൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. ദക്ഷിണേന്ത്യയിലും ഇതിന്റെ സ്വാധീനം ശക്തമായി പ്രകടമായി. പ്രത്യേകിച്ച്, അന്നത്തെ ഹൈദരാബാദിൽ ബ്രിട്ടീഷ് വിരുദ്ധ വികാരങ്ങൾ ശക്തിപ്പെടുകയും 1857 ലെ സമരത്തിന് പിന്തുണ നൽകുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തു.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഹൈദരാബാദിൽ നടന്ന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളായിരുന്നു ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദിലെ ഇമാം മൗലവി സയ്യിദ് അലാവുദ്ദീൻ ഹൈദർ. മക്ക മസ്ജിദിലെ ഇമാമെന്ന നിലയിൽ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ആ ജനസ്വാധീനത്തെയാണ് അദ്ദേഹം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ആയുധമാക്കിയത്.
തന്റെ വെള്ളിയാഴ്ചകളിലെ നിസ്കാരശേഷമുള്ള പ്രഭാഷണങ്ങളിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും അദ്ദേഹം തുറന്നുകാട്ടി. വിദേശ അധിനിവേശത്തിനെതിരെ പോരാടുന്നത് ഓരോ പൗരന്റെയും ധാർമ്മികവും ലൗകികവുമായ കടമയാണെന്ന് അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. ഇതിലൂടെ മക്ക മസ്ജിദിനെ കേവലം പ്രാർത്ഥനാ സ്ഥലമായി മാത്രം നിർത്താതെ, അധിനിവേശത്തിനെതിരെ ജനങ്ങൾക്ക് ഒന്നിച്ചുചേരാനുള്ള ഒരു പൊതുവേദിയാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ മൗലവി അലാവുദ്ദീന്റെ ബ്രിട്ടിഷ് വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ തീവ്രമായി. അന്നത്തെ ഹൈദരാബാദ് അസഫ് ജാ അഞ്ചാമന്റെ ഭരണത്തിൻ കീഴിലായിരുന്നു. എന്നാൽ, നിസാം ഭരണകൂടവും പ്രധാനമന്ത്രി സലാർ ജംഗും ബ്രിട്ടീഷുകാർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ സമയത്താണ് ബ്രിട്ടീഷ് സൈന്യത്തെ എതിർത്ത് ഔറംഗബാദിൽ നിന്ന് ഓടിപ്പോന്ന ജമാദാർ ചീദാ ഖാനെയും സംഘത്തെയും ബ്രിട്ടീഷ് റെസിഡന്റ് തടവിലാക്കുന്നത്. ഇവർക്കായി ഇടപെടാൻ നിസാം ഭരണകൂടം തയ്യാറാകാതിരുന്നതോടെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പി. ഈ സാഹചര്യത്തിൽ, മൗലവി അലാവുദ്ദീൻ മക്ക മസ്ജിദ് കേന്ദ്രീകരിച്ച് ജനങ്ങളെ സംഘടിപ്പിക്കുകയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടാൻ അവരെ സജ്ജരാക്കുകയും ചെയ്തു.
1857 ജൂലൈ 17 ന് മൗലവി അലാവുദ്ദീനും തുറേബാസ് ഖാനും ചേർന്ന് ഏകദേശം അഞ്ഞൂറോളം വിപ്ലവകാരികളുമായി ഹൈദരാബാദിലെ ബ്രിട്ടീഷ് റെസിഡൻസി ആക്രമിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ കനത്ത പീരങ്കിപ്രയോഗത്തെ തുടർന്ന് ഈ ദൗത്യം പരാജയപ്പെട്ടെങ്കിലും, ഹൈദരാബാദിലെ ജനങ്ങളിൽ സ്വാതന്ത്ര്യബോധവും ബ്രിട്ടീഷ് വിരുദ്ധ ചിന്താഗതിയും വളർത്തുന്നതിൽ ഈ പ്രവർത്തനങ്ങൾക്ക് നിർണായകമായ പങ്കുവഹിക്കാൻ സാധിച്ചു. പോരാട്ടത്തിനിടെ മൗലവി അലാവുദ്ദീന്റെ വലതുകൈക്ക് ഗുരുതരമായി പരിക്കേൽക്കുകയും തോളിലും നെറ്റിയിലും വെട്ടേൽക്കുകയും ചെയ്തു. പരിക്കുകളോടെ അദ്ദേഹം ഒളിവിൽ പോകുകയും തന്റെ അടുത്ത സുഹൃത്തായ പീർ മുഹമ്മദിന്റെ സംരക്ഷണത്തിൽ ഏകദേശം ഒന്നര വർഷത്തോളം കഴിയുകയും ചെയ്തു.
ഈ കാലയളവിൽ, തന്റെ നാടിനെയും ജനങ്ങളെയും ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ലക്ഷ്യത്തോടെ സ്വാതന്ത്ര്യസമര സേനാനികളും വിപ്ലവകാരികളുമായ സയ്യിദ് ഭിക്കു, സയ്യിദ് ലാൽ, മുഹമ്മദ് അലി എന്നിവരുമായി അദ്ദേഹം കൂടിയാലോചനകൾ നടത്തി. ഒടുവിൽ, 1859 ജൂൺ 28-ന് ബ്രിട്ടീഷ് അധികാരികൾ മൗലവി അലാവുദ്ദീനെ മംഗലപ്പള്ളി വില്ലേജിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്യുകയും ആൻഡമാനിലേക്ക് നാടുകടത്തുകയും ചെയ്തു.
1859 ജൂൺ 28-ന് ഹൈദരാബാദിൽ നിന്ന് ആൻഡമാനിലേക്ക് നാടുകടത്തപ്പെട്ട മൗലവി അലാവുദ്ദീൻ 1860-ൽ പോർട്ട് ബ്ലെയറിലെത്തി. സാധാരണ ജീവപര്യന്തം തടവുകാരെ ഇരുപത് വർഷത്തിനുശേഷം മോചിപ്പിച്ചിരുന്നെങ്കിലും, അദ്ദേഹം സമർപ്പിച്ച മോചന അപേക്ഷകൾ ബ്രിട്ടീഷ് സർക്കാർ തുടർച്ചയായി തള്ളിക്കളഞ്ഞു. ഇന്നത്തെ സെല്ലുലാർ ജയിൽ നിർമ്മിക്കുന്നതിന് മുമ്പുള്ള ആൻഡമാനിലെ കഠിനമായ തടങ്കൽ സംവിധാനത്തിൽ അദ്ദേഹം വർഷങ്ങളോളം ദുരിതം അനുഭവിച്ചു.
ആൻഡമാനിലെ കഠിനമായ തടങ്കൽ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യത്തെ കൂടുതൽ തകർത്തു. കാലക്രമേണ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെടുകയും വാതരോഗം ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും ചെയ്തു. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലെത്തി.
തടവുജീവിതത്തിനിടയിലും അദ്ദേഹത്തിന്റെ നല്ല പെരുമാറ്റം നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയിരുന്നു. മറ്റ് ജീവപര്യന്തം തടവുകാരിൽ പലരും ഇരുപത് വർഷത്തെ തടവിന് ശേഷം മോചിതരായിരുന്നെങ്കിലും മൗലവി അലാവുദ്ദീന് ആ ആനുകൂല്യം ലഭിച്ചില്ല. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സർക്കാർ ഹൈദരാബാദ് ഭരണകൂടവുമായി ബന്ധപ്പെട്ടെങ്കിലും അന്നത്തെ പ്രധാനമന്ത്രി സാലാർ ജംഗ് ഒന്നാമൻ മോചനശുപാർശ അംഗീകരിച്ചില്ല. 1886 ൽ ഹോം സെക്രട്ടറി അലക്സാണ്ടർ മക്കെൻസി പോർട്ട് ബ്ലെയർ സന്ദർശിച്ചപ്പോൾ മൗലവി അലാവുദ്ദീന്റെ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും മോചനത്തിനായി ഇടപെടുകയും ചെയ്തു. ഗവർണർ ജനറലും കൗൺസിലും മോചനശുപാർശ അംഗീകരിച്ചെങ്കിലും ഹൈദരാബാദ് ഭരണകൂടത്തിന്റെ സമ്മതം ലഭിക്കാത്തതിനാൽ അദ്ദേഹം മോചിതനായില്ല.
1889 ഫെബ്രുവരി 1 ന് മൗലവി അലാവുദ്ദീൻ ബ്രിട്ടീഷ് സർക്കാരിന് പേർഷ്യൻ ഭാഷയിൽ എഴുതിയ കത്തിൽ തന്റെ ദുരവസ്ഥയും മോചനത്തിനായുള്ള അപേക്ഷകളും വിശദീകരിച്ചു. നിയമങ്ങൾ ലംഘിക്കാതെയും നല്ല പെരുമാറ്റത്തിനുള്ള നിരവധി സാക്ഷ്യപത്രങ്ങൾ ലഭിച്ചിട്ടും തനിക്ക് മോചനം നിഷേധിക്കപ്പെടുന്നതിലുള്ള വേദന അദ്ദേഹം രേഖപ്പെടുത്തി. ജീവിതത്തിന്റെ അവസാനകാലം സ്വന്തം നാട്ടിലും സ്വന്തം ജനങ്ങൾക്കിടയിലും ചെലവഴിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ ആ ആഗ്രഹം സഫലമായില്ല.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയതിന്റെ പേരിൽ ഏറ്റവും ദീർഘകാലം തടവുശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര പോരാളികളിൽ പ്രമുഖനാണ് മൗലവി സയ്യിദ് അലാവുദ്ദീൻ ഹൈദർ. ഒരു ദിവസത്തെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ പേരിൽ ജീവിതത്തിന്റെ അവസാന മുപ്പത് വർഷങ്ങളും ആൻഡമാനിലെ തടവറയിൽ ചെലവഴിക്കേണ്ടി വന്ന അദ്ദേഹം 1889 ൽ ജയിലിൽ വച്ച് മരണപ്പെട്ടു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ആയുധമെടുത്ത് പോരാടിയ മൗലവി സയ്യിദ് അലാവുദ്ദീൻ ഹൈദറുടെ ജീവിതം ധീരതയുടെയും ത്യാഗത്തിന്റെയും ദേശസ്നേഹത്തിന്റെയും ശക്തമായ പ്രതീകമാണ്. 1857 ലെ ഹൈദരാബാദ് സമരത്തിൽ അദ്ദേഹം വഹിച്ച പങ്കും തുടർന്ന് പതിറ്റാണ്ടുകളോളം അനുഭവിച്ച തടവുജീവിതവും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പൊതുചരിത്രത്തിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെടാതെ പോയ ഈ പോരാളിയുടെ ജീവിതവും ത്യാഗവും തലമുറകൾക്ക് എന്നും പ്രചോദനമായി നിലനിൽക്കട്ടെ.