എൻ സയ്യിദീ…
അക്ഷരങ്ങളുടെ പ്രിയനേ,
വാക്കുകൾ തളർന്ന്
വഴിയറിയാതെ നിൽക്കുന്നു;
അങ്ങയോടുള്ള അനുരാഗം
ഹൃദയത്തെപ്പോലും
വാക്കുകളറ്റതാക്കുന്നു.
സ്വച്ഛമായ പ്രഭാതത്തിന്റെ വെളിച്ചമേ,
അങ്ങയുടെ ആഗമനത്താൽ
ലോകം മഹത്വമണിഞ്ഞു;
അങ്ങയുടെ പ്രകാശത്താൽ
പ്രപഞ്ചം പ്രഭാപൂരിതമായി;
ആകാശഗോളങ്ങൾ പോലും
അങ്ങയാൽ അലങ്കൃതമായി.
എൻ സയ്യിദീ,
മഹതിയായ ആമിനാ മാതാവിന്റെ
വിശുദ്ധ ഗർഭത്തിൽ
അങ്ങ് വിരിഞ്ഞപ്പോൾ,
ഭാരമോ ക്ഷീണമോ
അവൾ അറിഞ്ഞില്ല;
അനുഗ്രഹത്തിന്റെ നാഥനെ
വഹിച്ച ആ ഗർഭം
സ്വർഗീയ രഹസ്യമായി മാറി.
എൻ സയ്യിദീ,
അങ്ങയുടെ മഹത്തായ ജനനത്തിൽ
സാവാ തടാകം വറ്റിപ്പോയി;
കിസ്റായുടെ കൊട്ടാരത്തിലെ
ഇവാൻ പിളർന്ന് വീണു;
കാലം തന്നെ
ഒരു മഹത്തായ സംഭവത്തിന്റെ
സാക്ഷിയായി നിന്നു.
അങ്ങയുടെ ആഗമനം അറിഞ്ഞ നാളിൽ
ആകാശവും ഭൂമിയും പുഞ്ചിരിച്ചു;
പ്രപഞ്ചം മുഴുവൻ
തിരുനാമം പാടി;
ആനന്ദത്തിന്റെ തിരകളിൽ
സൃഷ്ടികൾ ആറാടി.
അങ്ങയുടെ തിരുമുഖപ്രഭയെ
വരവേൽക്കുവാൻ
സ്വർഗ്ഗലോകങ്ങൾ അണിഞ്ഞൊരുങ്ങി;
അങ്ങയുടെ തിരുസാന്നിധ്യം തേടി
മാലാഖമാർ അടുത്തുവന്നു;
കരുണയുടെ കാറ്റ് വീശി,
അനുഗ്രഹത്തിന്റെ വാതിലുകൾ
ലോകത്തിനായി തുറന്നു.
അങ്ങയുടെ ആഗമനത്തിൽ
നരകത്തിന്റെ കവാടങ്ങൾ
കൊട്ടിയടഞ്ഞു;
കരുണയുടെ വാതിലുകൾ
വിശാലമായി തുറന്നു;
അനുഗ്രഹത്തിന്റെ വെളിച്ചം
ലോകമാകെ നിറഞ്ഞു.
അങ്ങ് ഭൂമിയുടെ രാത്രിയെ
പ്രഭാതമാക്കി;
അജ്ഞതയുടെ ഇരുട്ടിനെ
ജ്ഞാനത്തിന്റെ വെളിച്ചമാക്കി;
ലോകത്തിന്റെ തുലാസിനെ
നീതിയുടെ വശത്തേക്ക് ചായിച്ചു;
നീതിക്ക് മേൽക്കൈ നൽകി.
എൻ സയ്യിദീ,
അങ്ങാണ് സത്യത്തിന്റെ പൂർണ്ണത;
ഈ പ്രപഞ്ചത്തിന്
അങ്ങയുടെ മഹാരഹസ്യം
പകർന്നപ്പോൾ,
അതിന് മറ്റൊന്നും
തേടേണ്ടിവന്നില്ല.
മഹത്തായ സ്വഭാവത്തിന്റെ
ഉടമയായ നബിയേ,
അങ്ങയെ വാഴ്ത്താൻ
ഞാൻ ശ്രമിക്കുമ്പോൾ,
എന്റെ പ്രണയത്തിനു മുന്നിൽ
വാക്കുകൾ പോലും
നിശ്ശബ്ദമായിപ്പോകുന്നു
അങ്ങയെ പുകഴ്ത്തുവാൻ
വാക്കുകൾ തിരയുമ്പോൾ,
അവയുടെ അശക്തി
എന്നെ പിന്തിരിപ്പിക്കുന്നു;
എന്റെ ദൗർബല്യം,
നിരാശയോടെ എന്നെ
തിരികെ അയക്കുന്നു.
അങ്ങയെക്കുറിച്ച് ഞാൻ
എന്താണ് പറയേണ്ടത്?
കടൽത്തീരത്തെ മണൽത്തരികൾ
എണ്ണിത്തീർക്കുന്നതുപോലെ
അങ്ങയുടെ അനുഗ്രഹങ്ങൾ
എണ്ണിത്തീർക്കാനാകുമോ?
അതിലുപരി;
ഞങ്ങളറിയാത്ത
എത്രയോ ഔദാര്യങ്ങൾ,
എത്രയോ അനുഗ്രഹങ്ങൾ,
എത്രയോ മഹത്വങ്ങൾ
അങ്ങയിൽ ഒളിഞ്ഞിരിക്കുന്നു!
എൻ സയ്യിദീ,
എത്ര മഹത്വമുള്ളതാകുന്നു
അങ്ങയുടെ അനാഥത്വം!
അനാഥനായി വന്ന അങ്ങ്
ഈ പ്രപഞ്ചമാകെ
ഹിദായത്തിന്റെ വെളിച്ചം പകർന്നു;
മനുഷ്യന് സ്നേഹവും,
സൗഹൃദവും,
സഹോദര്യവും,
ഐക്യവും സമ്മാനിച്ചു.
ഓ, ഉമ്മിയ്യായ നബിയേ!
അങ്ങ് ലോകത്തെ പഠിപ്പിച്ചു;
അറിയാതിരുന്ന
അനേകം സത്യങ്ങൾ,
അങ്ങായിരുന്നു
ജ്ഞാനത്തിന്റെ ദീപം,
അറിവിന്റെ മഹാസാഗരം.
ഇന്നും അനേകം ഹൃദയങ്ങൾ
അങ്ങയുടെ പാത പിന്തുടരുന്നു;
അങ്ങയുടെ മാർഗദർശനം
ഇരുണ്ട വഴികളിൽ
പ്രകാശമായി തെളിയുന്നു.
അങ്ങ് ഒരു പ്രകാശമായി വന്നപ്പോൾ
ലോകം മുഴുവൻ തെളിഞ്ഞു;
ഇരുട്ട് പിൻവാങ്ങി,
പ്രഭാതം ഉദിച്ചു;
മനുഷ്യഹൃദയങ്ങളിൽ
പ്രതീക്ഷയുടെ നാളം തെളിഞ്ഞു.
എൻ സയ്യിദീ…
അങ്ങയെ പുകഴ്ത്തുവാൻ
എന്റെ നാവിന് വാക്കുകളില്ല;
അങ്ങയെ സ്നേഹിക്കുവാൻ
എന്റെ ഹൃദയത്തിന്
അതിരുകളുമില്ല.
വാക്കുകൾക്കും
സ്തുതികൾക്ക്ക്കും
അതീതനായവനേ,
ഹൃദയങ്ങളുടെ പ്രിയനേ,
എന്റെ അശക്തമായ ഈ വരികൾ
അങ്ങയുടെ തിരുമുമ്പിൽ
ഒരു ചെറിയ സ്നേഹാർപ്പണമാകട്ടെ.
പ്രിയപ്പെട്ട നബിയേ,
അങ്ങയെ ലോകം മറന്നാലും
എന്റെ ഹൃദയം മറക്കില്ല;
കാലം കടന്നുപോയാലും
അങ്ങയോടുള്ള പ്രണയം
എന്നിൽ മങ്ങുകയില്ല.
അങ്ങയുടെ തിരുനാമം
എന്റെ നാവിൽ പൂക്കട്ടെ;
അങ്ങയുടെ സുന്നത്ത്
എന്റെ ജീവിതത്തിൽ തെളിയട്ടെ;
അങ്ങയുടെ സ്നേഹം
എന്റെ ഹൃദയത്തിൽ നിറയട്ടെ;
അങ്ങയുടെ ശഫാഅത്ത്
എന്റെ അവസാന പ്രതീക്ഷയാകട്ടെ.
എൻ സയ്യിദീ…
എൻ ഹബീബേ…
മുഹമ്മദ് നബിയേ…
അങ്ങയുടെ പ്രകാശത്തിൽ
ഈ ഹൃദയവും
ഒരു നാളെങ്കിലും
പ്രകാശിക്കട്ടെ.
Comments
No comments yet. Be the first to share your thoughts.
Leave a comment