Blog

All Blog Posts
Blog Post

മൗലിദ് ആഘോഷം: ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന നബിസ്മരണ. New

19 Aug 2026 3 min read 456 words Malayalam
Abdul Gaffar Sa-Adi Randathani
Written by Abdul Gaffar Sa-Adi Randathani


നാടെങ്ങും മൗലിദുന്നബി ആഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ മൗലിദ് ഒരു ദിവസം മാത്രം ആഘോഷിച്ച് അവസാനിപ്പിക്കേണ്ട ഒരു ചടങ്ങായി കാണാതെ, നമ്മുടെ നബി മുഹമ്മദ് (സ) യെ കൂടുതൽ ഓർക്കാനുംa, അവിടുത്തെ മഹത്തായ ജീവിതവും സ്വഭാവവും പഠിക്കാനും, അവിടുത്തോടുള്ള സ്നേഹവും അനുസരണവും നമ്മുടെ ജീവിതത്തിൽ കൂടുതൽ ശക്തമാക്കാനുമുള്ള ഒരു മഹത്തായ അവസരമായി ഇതിനെ നാം ഉപയോഗപ്പെടുത്തണം.

നബി (സ) യുടെ ജനനത്തെ ഓർമ്മിക്കുന്നത് അല്ലാഹു മനുഷ്യരാശിക്ക് നൽകിയ മഹത്തായ അനുഗ്രഹത്തെ ഓർമ്മിക്കലാണ്. ഹബീബ് മുഖേന അല്ലാഹു മനുഷ്യരെ അജ്ഞതയുടെയും അന്ധകാരത്തിന്റെയും വഴികളിൽ നിന്ന് സത്യത്തിന്റെയും പ്രകാശത്തിന്റെയും പാതയിലേക്ക് നയിച്ചു. അതുകൊണ്ടുതന്നെ നബി (സ) യുടെ ജീവിതം ഒരു വിശ്വാസിയുടെ ജീവിതത്തിന് ഏറ്റവും വലിയ മാതൃകയാണ്.

നബി (സ) തിങ്കളാഴ്ച നോമ്പ് അനുഷ്ഠിച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്. തിങ്കളാഴ്ചയെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ “അന്നാണ് ഞാൻ ജനിച്ചത്” എന്ന് അവിടുന്ന് പറഞ്ഞു. ഇതിലൂടെ നബി (സ) യുടെ ജനനദിനത്തെ അല്ലാഹുവിന്റെ അനുഗ്രഹത്തെ ഓർമ്മിക്കുന്ന ഒരു അവസരമായി കാണുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാം.

കാലം കടന്നുപോകുന്നതിനനുസരിച്ച് മനുഷ്യരിൽ അശ്രദ്ധ വർധിക്കുന്നു. നബിയുടെ കാലഘട്ടത്തിൽ നിന്ന് തലമുറകൾ അകലുമ്പോൾ അവിടുത്തെ ജീവിതവും സ്വഭാവവും പുതിയ തലമുറകളെ ഓർമ്മിപ്പിക്കേണ്ടത് ആവശ്യമായി വരുന്നു. അതിനായി സീറാ പഠനം, നബി (സ) യുടെ സ്വഭാവ-ശീലങ്ങളുടെ വിവരണം, ദിക്ർ, സ്വലാത്ത്, ഭക്ഷണവിതരണം, ദാനധർമ്മം തുടങ്ങിയ വിവിധ മാർഗങ്ങൾ ഉപയോഗിക്കാം.

മൗലിദിന്റെ പ്രധാന ലക്ഷ്യം പ്രത്യേക ദിവസത്തിലുള്ള ആഘോഷം മാത്രമല്ല. നബി (സ) യോടുള്ള സ്നേഹവും ആദരവും ഹൃദയങ്ങളിൽ സജീവമാക്കുക എന്നതാണ് അതിന്റെ പ്രധാന സന്ദേശം. കാലത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന രീതികൾ വ്യത്യസ്തമായേക്കാം. എന്നാൽ ആ സ്നേഹം നമ്മുടെ സ്വഭാവത്തിലും ജീവിതത്തിലും പ്രതിഫലിക്കണം.

നഗരവീഥികൾ ദീപാലംകൃതമാക്കുന്നതോടൊപ്പം തന്നെ പ്രവാചകർ (സ)യുടെ സീറ കൊണ്ട് നമ്മുടെ ഹൃദയങ്ങളെയും പ്രകാശപൂരിതമാക്കണം, കുടുംബത്തോടൊപ്പമുള്ള നമ്മുടെ വിലയേറിയ നിമിഷങ്ങൾ നബി (സ)യുടെ ജീവിതത്തിലെ മനോഹരമായ ഏടുകൾ വായിക്കാനും ആശയവിനിമയം നടത്താനും വിനിയോഗിക്കണം.

പ്രവാചകൻ കുട്ടികളോട് കാണിച്ചിരുന്ന അളവറ്റ സ്നേഹവും കരുണയും, അവിടുത്തെ സത്യസന്ധത, ക്ഷമ, ഉദാരത തുടങ്ങിയ ഉന്നത ഗുണങ്ങളും മക്കൾക്ക് പകർന്നുനൽകുകയും ചെയ്യാം. അവിടുത്തെ ജീവിതമാതൃക സ്വന്തം കുടുംബജീവിതത്തിൽ പകർർത്താൻ നമുക്ക് പരിശ്രമിക്കാം. നബിസന്ദേശങ്ങൾ പഠിക്കുകയും മറ്റുള്ളവർക്ക് പകർന്നുനൽകുകയും ചെയ്യുന്നതിലൂടെ നമ്മുടെ വീടുകളെയും മനസ്സിനെയും സ്നേഹത്താലും നന്മയാലും സമ്പന്നമാക്കാം.

മൗലിദിന്റെ അവസരത്തിൽ ഒരു ദരിദ്രനെ സഹായിക്കാം. ഒരു ആവശ്യക്കാരന് ഭക്ഷണം നൽകാം. ഒരു അനാഥനെ സഹായിക്കാം. ഒരു ബന്ധുവുമായി ബന്ധം പുതുക്കാം. ഒരാളോട് ക്ഷമിക്കാം. ഒരു കുഞ്ഞിന്റെ മുഖത്ത് സന്തോഷം പകരാം. ഇതെല്ലാം നബി (സ) യുടെ സ്നേഹത്തെ ജീവിതത്തിൽ പ്രകടിപ്പിക്കുന്ന മനോഹരമായ മാർഗങ്ങളാണ്.

പ്രത്യേകിച്ച് മക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ മൗലിദ് സമ്മാനം മധുരപലഹാരങ്ങളല്ല; മുഹമ്മദ് (സ) ആരാണെന്ന് അവരെ പഠിപ്പിക്കുകയാണ്. അവിടുത്തെ കരുണ, സത്യസന്ധത, ക്ഷമ, വിനയം, നീതി, ഉദാരത എന്നിവ അവരുടെ ജീവിതത്തിൽ മാതൃകയാക്കാൻ അവരെ പ്രേരിപ്പിക്കണം.

മൗലിദ് നമ്മോട് ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ ചോദിക്കണം:

നബി ﷺയുടെ സീറ നമുക്ക് എത്രത്തോളം അറിയാം?

അവിടുത്തെ സുന്നത്ത് നാം എത്രത്തോളം ജീവിതത്തിൽ പാലിക്കുന്നു?

നമ്മുടെ വീടുകളിൽ അവിടുത്തെ കരുണ എത്രത്തോളം കാണാം?

നമ്മുടെ വ്യാപാരത്തിലും ഇടപാടുകളിലും അവിടുത്തെ സത്യസന്ധത എത്രത്തോളം ഉണ്ട്?

നമ്മുടെ തർക്കങ്ങളിലും ബന്ധങ്ങളിലും അവിടുത്തെ സ്വഭാവം എത്രത്തോളം പ്രതിഫലിക്കുന്നു?

ഈ ചോദ്യങ്ങൾക്ക് നമ്മുടെ ജീവിതം കൊണ്ട് ഉത്തരം നൽകാൻ സാധിക്കുമ്പോഴാണ് മൗലിദ് ആഘോഷങ്ങളുടെ യഥാർത്ഥ സന്ദേശം അർത്ഥവത്താകുന്നത്.

പ്രവാചകനോടുള്ള (സ) സ്നേഹം കേവലം വാക്കുകളിൽ ഒതുങ്ങേണ്ട ഒന്നല്ല; അത് അവിടുത്തെ ചര്യകൾ പിന്തുടരുന്നതിലൂടെയും അനുസരണത്തിലൂടെയുമാണ് ജീവിതത്തിൽ തെളിയിക്കപ്പെടേണ്ടത്. അവിടുത്തെ സുന്നത്ത് പിന്തുടരുക, സൃഷ്ടികളോട് കരുണ കാണിക്കുക, സത്യസന്ധമായി ഇടപെടുക, മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, നാവിനെ സൂക്ഷിക്കുക, തെറ്റുകൾ ക്ഷമിക്കുക, ബന്ധങ്ങൾ നിലനിർത്തുക — ഇതെല്ലാം നബി (സ) യോടുള്ള യഥാർത്ഥ സ്നേഹത്തിന്റെ അടയാളങ്ങളാണ്.

അതുകൊണ്ട്, മൗലിദ് ആഘോഷം ഒരു ദിവസത്തെ ചടങ്ങിൽ മാത്രം ഒതുങ്ങിപ്പോകരുത്. അത് നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന ശക്തമായ ഒരു ഓർമ്മപ്പെടുത്തലാകണം.

പ്രവാചകരെ (സ) ഓർക്കുമ്പോൾ ഹൃദയങ്ങളിൽ സ്നേഹം നിറയുകയും, അവിടുത്തെ സീറ പഠിക്കുമ്പോൾ അറിവ് വർധിക്കുകയും വേണം. പ്രവാചകന്റെ ഉന്നതമായ സ്വഭാവഗുണങ്ങൾ കണ്ടുപഠിച്ച് നമ്മുടെ പെരുമാറ്റം മെച്ചപ്പെടുത്താനും, ആ ജീവിതമാതൃക പിന്തുടർന്ന് കുടുംബത്തിലും സമൂഹത്തിലും നന്മയും സമാധാനവും വളർത്താനും നമുക്ക് സാധിക്കണം.

മൗലിദിന്റെ യഥാർത്ഥ പ്രകാശം അലങ്കാരങ്ങളിലും ആഘോഷങ്ങളിലും മാത്രം കാണേണ്ടതല്ല; ഒരു മനുഷ്യൻ നബി (സ) യെ ഓർത്ത ശേഷം കൂടുതൽ കരുണയുള്ളവനും, കൂടുതൽ സത്യസന്ധനും, കൂടുതൽ ക്ഷമിക്കുന്നവനും, കൂടുതൽ നന്മ ചെയ്യുന്നവനുമായി മാറുമ്പോഴാണ് ആ പ്രകാശം യഥാർത്ഥത്തിൽ തെളിയുന്നത്.

അതിനാൽ ഈ മൗലിദ് നമുക്ക് ഒരു പ്രതിജ്ഞയാകട്ടെ: നബി (സ) യെ കൂടുതൽ അറിയുക, കൂടുതൽ സ്നേഹിക്കുക, കൂടുതൽ സ്വലാത്ത് ചൊല്ലുക, അവിടുത്തെ സുന്നത്ത് കൂടുതൽ പിന്തുടരുക, അവിടുത്തെ മഹത്തായ സ്വഭാവം നമ്മുടെ ജീവിതത്തിൽ കൂടുതൽ പ്രകടമാക്കുക. നാഥൻ തൗഫീഖ് ചെയ്യട്ടെ. ആമീൻ.

Rate this article
Share

Comments

No comments yet. Be the first to share your thoughts.

Leave a comment

Comments are reviewed before they appear. Please keep them respectful.

WhatsApp Donate