News & Updates

സഅദിയ്യ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം നാളെ

സഅദിയ്യ ഗ്രാൻഡ് മസ്ജിദ് ഉദ്ഘാടനം നാളെ

06 Sep 2026
ദേളി | ജാമിഅ സഅദിയ്യ ക്യാമ്പസിൽ പുതുക്കിപ്പണിത 'ജാമിഉ ഹബീബ് ഉസ്മാൻ' ഗ്രാൻഡ് മസ്ജിദിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് നടക്കും. വഖ്ഫ് കർമം സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലും ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും നിർവഹിക്കും. ഗ്രാൻഡ് മസ്ജിദിൽ ഒരേ സമയം അയ്യായിരത്തിലധികം ആളുകൾക്ക് നിസ്കരിക്കാൻ സൗകര്യമുണ്ട്. നാളെ ഉച്ചക്ക് ഒന്നിന് നടക്കുന്ന സൗഹൃദ സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂർ അധ്യക്ഷത വഹിക്കും. എം എൽ എമാരായ കെ നീലകണ്ഠൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ സംസാരിക്കും.

വൈകിട്ട് മൂന്നിന് നൂറുൽ ഉലമ മഖ്ബറ സിയാറത്തും 3.30ന് പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. സയ്യിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി കൊയിലാണ്ടി പ്രാർഥന നടത്തും. ജനറൽ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത്, സീനിയർ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കർ മുസ്ലിയാർ ആമുഖ പ്രസംഗം നടത്തും. കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി, ഹുസൈൻ സഅദി കെ സി റോഡ് പ്രഭാഷണം നടത്തും. ട്രഷറർ കല്ലുട്ര മാഹിൻ ഹാജി എം എൽ എ അനുമോദന ചടങ്ങിന് നേതൃത്വം നൽകും. കൃഷി മന്ത്രി ടി സിദ്ദിഖ്, കർണാടക മന്ത്രി യു ടി ഖാദർ, മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഹസൻ മുശ്‌രിഫ്, എ കെ എം അശ്‌റഫ് എം എൽ എ, കർണാടക മിനിമം വേജസ് കോർപറേഷൻ ചെയർമാൻ ടി എം ശാഹിദ്, അബ്ദുർ റഹ്‌മാൻ ഹാജി കുറ്റൂർ മുഖ്യാതിഥികളാകും. അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി സ്വാഗതം പറയും.

വാർത്താസമ്മേളനത്തിൽ സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, സയ്യിദ് ജഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി, സി പി അബ്ദുല്ല ഹാജി ചെറുമ്പ, ഇസ്മാഈൽ സഅദി പാറപ്പള്ളി, അബ്ദുസ്സലാം ദേളി സംബന്ധിച്ചു.
WhatsApp Donate