അമീനുശ്ശരീഅഃ സയ്യിദ് അലി ബാഫഖി തങ്ങൾ കാസർകോടിന്റെ വേദികൾക്കും വിശ്വാസി സമൂഹത്തിനും പ്രസ്ഥാനത്തിനും എന്നും വലിയൊരു തണലും അനുഗ്രഹവുമായിരുന്നു. കാസർഗോഡുമായി വളരെ അഗാധമായ കുടുംബബന്ധങ്ങളും തങ്ങൾക്കുണ്ടായിരുന്നു. കുമ്പോൽ സയ്യിദ് കെ.എസ്. ആറ്റക്കയ തങ്ങളുടെ മകളുടെ ഭർത്താവായ സയ്യിദ് ഇബ്റാഹിം ബാഫഖി തങ്ങൾ, അലി ബാഫഖി തങ്ങളുടെ മകനാണ്. ഈ കുടുംബബന്ധം കാസർഗോഡും അലി ബാഫഖി തങ്ങളും തമ്മിലുള്ള ആത്മീയവും പ്രസ്ഥാനികവുമായ ബന്ധത്തെ കൂടുതൽ ദൃഢമാക്കാൻ ഏറെ കാരണമായിട്ടുണ്ട്.
കാസർഗോഡ് ജില്ലയിലെ പ്രസ്ഥാനിക-സ്ഥാപന സമ്മേളനങ്ങളിൽ തങ്ങളുടെ സാന്നിധ്യം നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയത് വാക്കുകൾക്കതീതമായ വലിയൊരു ഊർജ്ജമായിരുന്നു. ജാമിയ സഅദിയ്യയുടെ സമ്മേളനങ്ങൾ തീരുമാനിച്ചു കഴിഞ്ഞാൽ, സയ്യിദ് കുമ്പോൽ തങ്ങൾ അലി ബാഫഖി തങ്ങളോട് പ്രത്യേകം ഉണർത്താൻ ഓർമ്മപ്പെടുത്തുകയും, വിവരമറിയിച്ചാൽ തങ്ങളത് സ്വന്തം ഡയറിയിൽ കുറിച്ചുവെക്കുകയും ചെയ്യുമായിരുന്നു. കാസർഗോഡ് നടന്ന നിരവധി സമ്മേളന വേദികളിൽ അവിടുത്തോടൊപ്പം നേരിട്ട് പങ്കാളിയാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അനർഘമായ നിമിഷങ്ങളിലൊന്നാണ്.
ശാരീരികമായ അവശതകളോ പ്രയാസങ്ങളോ അവിടുന്ന് ഒരിക്കലും ഒരു തടസ്സമായി കണ്ടില്ല. ഒരു ഫോൺ കോളിലൂടെ ക്ഷണിച്ചാൽ പോലും, അസുഖങ്ങൾ വകവെക്കാതെ പ്രാർത്ഥനയോടെ ഓടിയെത്തുന്ന ആ മനസ്സ് വേറിട്ടുനിൽക്കുന്നതായിരുന്നു. കഴിഞ്ഞ സഅദിയ്യ സമ്മേളനത്തിലും, ആണ്ട് നേർച്ച വേളയിലും ശാരീരികമായ ബുദ്ധിമുട്ടുകൾ മറന്ന് നേരത്തെ തന്നെ എത്തിച്ചേരുകയും, ദീർഘനേരം വേദിയിലിരുന്ന് സനദ്ദാനം നിർവ്വഹിച്ച് പ്രാർത്ഥനകൾ നടത്തിയാണ് അവിടുന്ന് മടങ്ങിയത്.
മനസ്സിൽ തട്ടുന്ന എളിമയുടെയും ഉന്നതമായ മഹത്വത്തിന്റെയും പ്രതീകമായിരുന്നു അവിടുന്ന്. മാസങ്ങൾക്ക് മുമ്പ് വിനീതൻ ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ തങ്ങൾ ഫോണിൽ സംസാരിച്ച് സമാധാനിപ്പിച്ചു. കാസർകോട് വന്ന് തിരിച്ചുപോകുമ്പോഴാണ് അസുഖവിവരം അറിഞ്ഞതെന്നും വേദികളിൽ ദുആ ചെയ്തിട്ടുണ്ടെന്നും പറഞ്ഞപ്പോൾ തങ്ങൾ പ്രസ്ഥാന ബന്ധത്തിന് നൽകുന്ന മൂല്യം അടുത്തറിഞ്ഞു.
താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളേക്കാൾ മറ്റുള്ളവരുടെ ക്ഷേമത്തിനും ദുആക്കും മുൻഗണന നൽകിയ അപൂർവ്വ വ്യക്തിത്വമായിരുന്നു അവിടുന്ന്.
സഅദിയ്യയിൽ വന്നപ്പോൾവിനീതനായ എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞു പോയ നിമിഷങ്ങൾ ഇന്നൊരു മായാത്ത ഓർമ്മയായി മനസ്സിൽ നിൽക്കുന്നു. അന്ന് യാത്ര പറയുമ്പോൾ ഇതൊരു അവസാനത്തെ കാഴ്ചയാകുമെന്ന് ഒട്ടും കരുതിയിരുന്നില്ല. അവിടുത്തെ സ്നേഹവും എളിമയും നിറഞ്ഞ ഓർമ്മകളും അനുഗ്രഹപൂർണ്ണമായ പ്രാർത്ഥനകളും എന്നും നമുക്ക് വഴികാട്ടിയായി നിലനിൽക്കട്ടെ. ജില്ലയുടെ പ്രസ്ഥാനിക വേദികളിലെ പത്തരമാറ്റിയിരുന്നു തങ്ങൾ.